തിരുവനന്തപുരം: പൂരം കലക്കൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരത്തിന്റെ തുടക്കത്തിൽ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എക്‌സിബിഷനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിൽ ഇടപെട്ട് പരിഹാരമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ, ആനകളുമായി ബന്ധപ്പെട്ടും പ്രശ്‌നമുണ്ടായി. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം നടക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ച ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് അന്വേഷിക്കും. എഡിജിപി അജിത്ത് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച്ചയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തും. പൂരം കലക്കലിലെ ഗൂഡാലോചന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ല. അജിത്ത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരും. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് അന്വേഷിക്കും. ഭാവിയിൽ ഭംഗിയായി പൂരം നടത്തുന്നതിനെ കുറിച്ചുൾപ്പെടെ ഇന്ന് മന്ത്രി സഭാ യോഗം ചർച്ച ചെയ്തു.
Discussion about this post