പച്ചപ്പരവതാനിയ്ക്കിടയിൽ നിന്നും തലയുയർത്തി നോക്കുന്ന മഞ്ഞപ്പൂക്കൾ. ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് സിംഗപ്പൂർ ഡെയ്‌സി എന്ന് അറിയപ്പെടുന്ന ഈ കള സസ്യത്തിന്. അതുകൊണ്ട് തന്നെ ഇത് ആരും പറിച്ച് കളയാറില്ല. പൂക്കളുടെ ഭംഗി കണ്ട് വെള്ളമൊഴിച്ച് വളർത്തുന്നവരും ഉണ്ട്. എന്നാൽ സൗന്ദര്യം തൂകി നിൽക്കുന്ന ഈ ചെടികൾ ഭൂമിയ്ക്ക് വളരെ ദോഷകരമാണെന്നതാണ് വാസ്തവം.
കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന അധിനിവേശ സസ്യമാണ് സിംഗപ്പൂർ ഡെയ്‌സി. വേഡേലിയ എന്നും അമ്മിണിപ്പൂവെന്നും ഈ ചെടി വ്യാപകമായി അറിയപ്പെടുന്നു. സൂര്യകാന്തിയുടെ കുടുംബത്തിൽ പെടുന്ന ഈ പൂവിന് തീരാകാന്തിയെന്നും കമ്മൽ ചെടികൾ എന്നും വിളിപ്പേരുണ്ട്. അതിവേഗത്തിൽ പടരാൻ കഴിവുള്ള ഈ സസ്യത്തിന് വിദേശരാജ്യങ്ങളിൽ കടുത്ത നിയന്ത്രണം ആണ് ഉള്ളത്.
ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷം ഉണ്ടാക്കുന്ന ചെടിയാണ് സിംഗപ്പൂർ ഡെയ്‌സി. ഇവയുള്ള സ്ഥലത്ത് മറ്റ് ചെടികൾ വളരാറില്ല. ഈ സ്വഭാവമാണ് ഈ ചെടിയെ ഏറെ അപകടകാരിയാക്കുന്നത്. കാർഷിക വിളകളെ പോലും ഇല്ലാതാക്കാൻ ഇവയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ഈ സസ്യം വ്യാപിക്കുന്നത് മറ്റ് സസ്യങ്ങളെ വംശനാശത്തിലേക്ക് തള്ളിവിടും. പശുക്കളുൾപ്പെടെയുള്ള മൃഗങ്ങൾ ഈ സസ്യം കഴിച്ചാൽ ഭ്രൂണഹത്യവരെ സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്. മണ്ണിലേക്ക് സൂര്യപ്രകാശം എത്തുന്നതിനെ തടയുന്ന ഈ സസ്യം സൂക്ഷ്മ ജീവികൾക്കും അപകടകാരിയാണ്. മദ്ധ്യ അമേരിക്കൻ മെക്‌സികോയാണ് ഈ കുഞ്ഞുപൂവിന്റെ ജന്മദേശം.
കർഷകർക്ക് ഭീഷണിയായതിനാലും ആവാസവ്യവസ്ഥ നശിപ്പിക്കുന്നു എന്നതുകൊണ്ടുമാണ് ഈ ചെടിയ്ക്ക് രാജ്യങ്ങളിൽ നിയന്ത്രണം ഉള്ളത്. ഓസ്‌ട്രേലിയൻ ക്വീൻസ് ലാൻഡിൽ ഈ ചെടി വളരാൻ അനുവദിക്കുന്നത് കുറ്റകരമാണ്.
Discussion about this post