എറണാകുളം: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റി റിലീസിനൊരുങ്ങി ജയൻ ചിത്രവും. 1980 ഇറങ്ങിയ മീൻ എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. വരും നാളുകളിൽ കൂടുതൽ ജയൻ ചിത്രങ്ങൾ പ്രേഷകരിലേക്ക് എത്തിക്കാനാണ് നീക്കം.
2കെ ദൃശ്യഭംഗിയിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 5.1 ഡോൾബി അറ്റ്മോസ് ശബ്ദമികവോടെയാണ് ചിത്രം പ്രേഷകരിലേക്ക് എത്തുക. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ജയൻ നായകനായി എത്തിയ ചിത്രത്തിൽ മധു, സീമ, ശ്രീവിദ്യ, അടൂർ ഭാസി, ജോസ്, ശങ്കരാടി, അംബിക, ബാലൻ കെ നായർ എന്നിവർ അഭിനയിച്ചിട്ടുണ്ട്.
നിലവിൽ ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് പുരോഗമിക്കുകയാണ്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് മാസ്റ്ററിംഗ് നടപടികൾ പുരോഗമിക്കുന്നത്. റോഷിക എന്റർപ്രൈസസാണ് ചിത്രം റീ റിലീസ് ചെയ്യുന്നത് .സൂപ്പർഹിറ്റ് ചിത്രമായ ഗജിനിയടക്കം റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയ കമ്പനിയാണ് റോഷിക.
ടി ദാമോദരൻ തിരക്കഥയെഴുതി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് മീൻ. ജി. ദേവരാജൻ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ വളരെ ശ്രദ്ധേയമാണ്.
Discussion about this post