ഒന്ന് നഷ്ടപ്പെടുമ്പോൾ മാത്രമാണ് അതിന്റെ മൂല്യം എന്തായിരുന്നു എന്ന് മനസ്സിലാവുകയോള്ളൂ. ഇന്നത്തെ കാലത്ത് ഒന്നിനോടും മനുഷ്യന് ആത്മാർത്ഥത ഇല്ലെന്ന് തന്നെ പറയാം. ഓരോരുത്തരുടെയും വില എന്താണെന്ന് ഒരു നിമിഷം ചിന്തിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താവ് മനോജ് പൊൻകുന്നമാണ് കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ സ്ഥാനക്കാരെ കുറിച്ചാണ് കുറിപ്പിൽ വിവരിക്കുന്നത്. മറ്റാരുമല്ല . മാതാപിതാക്കളെ കുറിച്ചാണ്. അച്ഛൻ മരിക്കാറായോ എന്ന് ഞാൻ പലപ്പോളും ചോദിക്കാറുണ്ട്. പറയും നീ അച്ഛനോളം ആയാലും അച്ഛൻ മരിക്കില്ല, മുത്തച്ഛൻ ഇപ്പോഴുമില്ലേ എന്ന്…അച്ഛന്റെ ആ വാക്കുകൾ വലിയൊരു ആശ്വാസമായിരുന്നു അന്ന്. എന്നാൽ കാലങ്ങൾ പോയി മറഞ്ഞപ്പോൾ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ശക്തി കുറഞ്ഞ് തുടങ്ങി. സംസാരം ഇല്ലാതായി വഴക്കുകൾ മാത്രമായി മാറി എന്ന് കുറിപ്പിൽ പറയുന്നു.
മാതാപിതാക്കളുടെ പല നിലപാടുകളും കാഴ്ചപ്പാടുകളും നമുക്ക് ഉൾക്കൊള്ളാൻ ആവില്ല. പലപ്പോഴും അവരുടെ നിലപാടുകളോടും പെരുമാറ്റങ്ങളോടും വെറുപ്പും പരിഹാസവുമൊക്കെ നമുക്ക് തോന്നിയിട്ടുണ്ടാവാം. അതിന് കാരണം മാതാപിതാക്കളും നമ്മളും ജീവിതം തുടങ്ങിയതും വളർന്നതും രണ്ടു കാലഘട്ടങ്ങളിൽ ആണ് എന്നതാണ്. ജനറേഷൻ ഗ്യാപ്പ്… അതുമനസ്സിലാക്കി അവരോട് പെരുമാറുവാൻ നമുക്ക് കഴിയണം. അവർ നഷ്ടപ്പെട്ടുകഴിയുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു അനാഥത്വം ഉണ്ട്, ആ തർക്കങ്ങളും വഴക്കുമൊക്കെ എന്തിനായിരുന്നു എന്ന് പിന്നീട് ചിന്തിച്ചിട്ട് ഒരുകാര്യവുമില്ല. അവർക്ക് അൽപ്പംകൂടി സന്തോഷം പകരാമായിരുന്നു എന്നും.
രാത്രി എത്രവൈകിയാലും ബൈക്കിന്റെ ശബ്ദത്തിനായി കാത്തിരിക്കുവാൻ ഇനിയാരുമില്ല, ആ ശബ്ദം കേട്ടില്ലെങ്കിൽ വ്യാകുലപ്പെടുവാൻ ആരുമില്ല. താമസിച്ചെത്തിയതിനു പിറ്റേന്ന് കാലത്തു വഴക്കുപറയാൻ, തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനും ഉപദേശിക്കുവാനും, കാര്യങ്ങൾ പറഞ്ഞുചെയ്യിക്കുവാനും ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുവാനും ഒന്നും ആരുമില്ല. അത് വല്ലാത്തൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. അവരുടെ മുൻപിൽ എന്നും നമ്മൾ കുഞ്ഞുകുട്ടികൾ മാത്രമാണ്.
അമ്മയും അച്ഛനും നഷ്ടപ്പെടുമ്പോൾ ആ കൂടെ നഷ്ടപ്പെടുന്നത് വലിയൊരു ബന്ധുബലവും കൂടിയാണ്. ഒന്നും നഷ്ടപ്പെടുത്തരുത് ആരും, നിസ്സാരം എന്ന് തോന്നുന്നതൊന്നും അത്ര നിസ്സാരമല്ല എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്ന്റിന്റെ പൂർണരൂപം ;
വളരെ കുഞ്ഞായിരിക്കുമ്പോൾ, അച്ഛൻ സ്‌കൂളുകളിൽ നിന്നും വരുന്നതും കാത്തുവഴിയിലിറങ്ങി വടക്കോട്ടും നോക്കിയിരിക്കുമായിരുന്നു എന്നും. അച്ഛനെ ദൂരെനിന്നും കണ്ടുകഴിയുമ്പോൾ ഒറ്റയോട്ടമാണ്, ചോറുകൊണ്ടുപോകുന്ന ബാഗും വളകാലൻ കുടയും കൈക്കലാക്കും, അച്ഛന്റെയൊപ്പം നടക്കും, അച്ഛൻ തോളിലൂടി കയ്യിട്ടു ചേർത്തുപിടിക്കും.
അച്ഛന്റെ കൃതാവിന്റെ അടിഭാഗത്തു വെള്ള വരകൾ വീണുതുടങ്ങിയപ്പോൾ ആകെയൊരാധിയായിരുന്നു, അച്ഛൻ വയസ്സനാകുന്നു, അച്ഛൻ മരിക്കും…
അച്ഛൻ എന്നാണ് മരിക്കുക എന്ന് ചോദിക്കുമ്പോൾ അച്ഛൻ പറയും നീ അച്ഛനോളം ആയാലും അച്ഛൻ മരിക്കില്ല, മുത്തച്ഛൻ ഇപ്പോഴുമില്ലേ എന്ന്…
ആ വാക്കുകൾ വലിയൊരു ആശ്വാസമായിരുന്നു അന്ന്.
പിന്നെയെന്നാണ് അച്ഛൻ എനിക്ക് ശത്രുവായത് എന്ന് ഓർമ്മയില്ല. മുഖത്ത് പൊടിമീശ വന്നുതുടങ്ങിയപ്പോൾ എല്ലാം തികഞ്ഞ പുരുഷകേസരിയായി എന്നചിന്ത മനസ്സിൽ മുളപൊട്ടി.
അച്ഛൻ പഴഞ്ചനും വിവരമില്ലാത്തവനും ക്രൂരനുമായി തോന്നിത്തുടങ്ങി. അനുസരിക്കാതിരിക്കുക എന്നത് ശീലവും തന്നിഷ്ടം അവകാശവും ധിക്കാരം അഭിമാനവുമായി തോന്നി….
നമുക്കായി അവർ ചെയ്തതൊന്നും നമ്മൾ കണ്ടില്ല, അവർക്ക് ചെയ്തുതരുവാൻ കഴിയാതിരുന്ന നമ്മുടെ ആവശ്യങ്ങൾ മാത്രം നമ്മൾ കണ്ടു.
വാക്കുതർക്കങ്ങൾ പതിവായി, അതിൽ അച്ഛനും മോശമായിരുന്നില്ല, മുത്തശ്ശനും അച്ഛനും മുന്നാളാണ്, അവർ തമ്മിലുള്ള തർക്കങ്ങൾ കണ്ടാണ് ഞാൻ വളർന്നത്, തർക്കത്തിനോടുവിൽ മുത്തശ്ശൻ പറയും ‘ശരിയും തെറ്റും തീരുമാനിക്കുന്നത് ആരാണ്? നിനക്ക് നിന്റെ ശരി എനിക്ക് എന്റെയും…’ എന്നും ക്ഷമിക്കുക മുത്തശ്ശൻ ആയിരുന്നു, പക്ഷെ നൈസായി ഒരു കൊട്ട് ആക്കൂടെയുണ്ട്, ‘നിനക്കും ഒരു മുന്നാള്കാരൻ വളർന്നു വരുന്നുണ്ട്…’ എന്ന്. എന്റെ റോൾ ഞാനും മോശമാക്കിയില്ല.
ഞങ്ങളുടെ തർക്കങ്ങളിലും വഴക്കുകളിലും ഏറ്റവും സങ്കടപ്പെട്ടിരുന്നത് അമ്മയാണ്. സമാധാനിപ്പിക്കാൻ വരുന്ന ആ പാവത്തിന് ഞങ്ങൾ രണ്ടാളുടെയും ശകാരം കേട്ട് കരയാനായിരുന്നു വിധി.
മോന് ഒന്നോ രണ്ടോ വയസ്സുള്ളപ്പോൾ എന്റെ നെഞ്ചിൽ കയറിക്കിടന്ന് നെഞ്ചിലെ വെള്ളിപൂശിയ രോമങ്ങളിൽ തലോടിക്കൊണ്ട്അവൻ ചോദിച്ചിട്ടുണ്ട് ‘അച്ഛൻ മരിക്കാറായോ’ എന്ന്.
തനിയാവർത്തനം….
അന്ന് ഞാനും പറഞ്ഞു, ‘അച്ഛൻ ഇപ്പോഴൊന്നും മരിക്കില്ലെടാ, മൂത്തച്ഛന്റെ അച്ഛനല്ലേ വല്യ മുത്തശ്ശൻ, ആ മുത്തശ്ശൻ മരിച്ചത് ഈയ്യിടെയല്ലേ, നിന്റെ മുത്തശ്ശൻ പോലും മരിച്ചിട്ടില്ലല്ലോ’ എന്ന്.
പക്ഷെ ആ ചോദ്യത്തിലേ ആശങ്കയും ദുഖവും എനിക്ക് നന്നായി മനസ്സിലാകുമായിരുന്നു.
വയ്യാതായപ്പോൾ അച്ഛന്റെ ദേഷ്യമൊക്കെ താനേ കുറഞ്ഞു, ഞങ്ങളുടെ സമീപ്യവും സാനിധ്യവും അച്ഛൻ ഒരുപാട് ആഗ്രഹിച്ചു, ഒരുപരിധിവരെ ഞങ്ങൾ അത് നിറവേറ്റിയിട്ടുമുണ്ട്. എങ്കിലും നഷ്ടപ്പെട്ടുകഴിഞ്ഞപ്പോൾ തോന്നുന്നുണ്ട്, അച്ഛനെയും അമ്മയെയും ഒക്കെ കുറേകൂടി നന്നായി സ്‌നേഹിക്കാമായിരുന്നു എന്ന്…
അവസാനകാലങ്ങളിൽ ഉൾപ്പെടെ അമ്മയെയും അച്ഛനെയും കഴിയുന്നതുപോലെ നോക്കിയിട്ടും സംരക്ഷിച്ചിട്ടും ഉണ്ട് എന്നുള്ള ആത്മവിശ്വാസം ഉണ്ട്. എങ്കിലും പല തർക്കങ്ങളും വഴക്കുകളും കുറ്റപ്പെടുത്തലുകളും വേണമെങ്കിൽ ഒഴിവാക്കാവുന്നതായിരുന്നു, അൽപ്പം കൂടി അവർക്ക് സന്തോഷം പകരാമായിരുന്നു എന്ന പശ്ചാത്താപവും.
ആരെയും ഉപദേശിക്കുവാനല്ല, മാതാപിതാക്കളുടെ പല നിലപാടുകളും കാഴ്ചപ്പാടുകളും നമുക്ക് ഉൾക്കൊള്ളാൻ ആവില്ല. പലപ്പോഴും അവരുടെ നിലപാടുകളോടും പെരുമാറ്റങ്ങളോടും വെറുപ്പും പരിഹാസവുമൊക്കെ നമുക്ക് തോന്നിയിട്ടുണ്ടാവാം. അതിന് കാരണം മാതാപിതാക്കളും നമ്മളും ജീവിതം തുടങ്ങിയതും വളർന്നതും രണ്ടു കാലഘട്ടങ്ങളിൽ ആണ് എന്നതാണ്. ജനറേഷൻ ഗ്യാപ്പ്… അതുമനസ്സിലാക്കി അവരോട് പെരുമാറുവാൻ നമുക്ക് കഴിയണം.
അവർ നഷ്ടപ്പെട്ടുകഴിയുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു അനാഥത്വം ഉണ്ട്, ആ തർക്കങ്ങളും വഴക്കുമൊക്കെ എന്തിനായിരുന്നു എന്ന് പിന്നീട് ചിന്തിച്ചിട്ട് ഒരുകാര്യവുമില്ല. അവർക്ക് അൽപ്പംകൂടി സന്തോഷം പകരാമായിരുന്നു എന്നും.
രാത്രി എത്രവൈകിയാലും ബൈക്കിന്റെ ശബ്ദത്തിനായി കാത്തിരിക്കുവാൻ ഇനിയാരുമില്ല, ആ ശബ്ദം കേട്ടില്ലെങ്കിൽ വ്യാകുലപ്പെടുവാൻ ആരുമില്ല. താമസിച്ചെത്തിയതിനു പിറ്റേന്ന് കാലത്തു വഴക്കുപറയാൻ, തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനും ഉപദേശിക്കുവാനും, കാര്യങ്ങൾ പറഞ്ഞുചെയ്യിക്കുവാനും ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുവാനും ഒന്നും ആരുമില്ല. അത് വല്ലാത്തൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്.
അവരുടെ മുൻപിൽ എന്നും നമ്മൾ കുഞ്ഞുകുട്ടികൾ മാത്രമാണ്.
അമ്മയും അച്ഛനും നഷ്ടപ്പെടുമ്പോൾ ആ കൂടെ നഷ്ടപ്പെടുന്നത് വലിയൊരു ബന്ധുബലവും കൂടിയാണ്. ഒന്നും നഷ്ടപ്പെടുത്തരുത് ആരും, നിസ്സാരം എന്ന് തോന്നുന്നതൊന്നും അത്ര നിസ്സാരമല്ല,
അവരൊന്നും ഇരുന്നകാലം നമ്മളൊന്നും ഇരിക്കില്ല, അന്ന് ഇരുട്ടിൽ തപ്പുന്ന നമ്മുടെ മക്കൾക്ക് ഒരു താങ്ങായി ഉണ്ടാവണം നമ്മുടെ ബന്ധുക്കളും നാട്ടുകാരും. അതുനമ്മുടെ മക്കളെ ബോധ്യപ്പെടുത്തുവൻ നമുക്ക് കഴിയണം…
Discussion about this post