കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി ആരോപണ പ്രത്യാരോപണങ്ങളാണ് ഉയരുന്നത്. പല പ്രമുഖ നടൻമാരും കേസന്വേഷണത്തിനിടെ അറസ്റ്റിലാവുകയും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്തു. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അലയൊലികൾ മറ്റ് സിനിമാ മേഖലകളിലും ഉണ്ടായി. പല നടിമാരും തങ്ങൾ കരിയറിന്റെ തുടക്കത്തിൽ അനുഭവിച്ച കഷ്ടപ്പാടും ചൂഷണങ്ങളും വെളിപ്പെടുത്തി. വലിയ കോലാഹലങ്ങൾക്ക് കാരണമായ ഹേമകമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയാണ് നടി സ്വാസിക.
ആരോപണങ്ങൾ ഉന്നയിക്കുന്ന ചില സ്ത്രീകൾ വിശ്വാസയോഗ്യരല്ലെന്ന് താരം പറയുന്നു. കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കും നല്ലതെന്ന് സ്വാസിക ചൂണ്ടിക്കാട്ടി. ഇപ്പോൾ എന്തെങ്കിലും കേൾക്കുമ്പോഴേക്കും പുരുഷനെ ഭയങ്കരമായി നാറ്റിക്കുന്നു. രണ്ട് വശത്തും എന്താണെന്ന് കൃത്യമായി അറിയണം. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നില്ലെന്ന് സ്വാസിക പറയുന്നു.ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക മനസ് തുറന്നത്.
ഹേമ കമ്മിറ്റി പോലുള്ള കമ്മിറ്റികൾ എല്ലാ മേഖലയിലും വന്നാൽ അതേക്കുറിച്ച് കുറേക്കൂടി അറിയാൻ പറ്റും. എല്ലാവർക്കും സിനിമയെന്ന ഫാന്റസി നിൽക്കുന്നത് കൊണ്ട് അതിലേക്കാണ് താൽപര്യം. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നില്ല. മാദ്ധ്യമ പ്രവർത്തകർ ആ സ്ത്രീകളുടെ അഭിമുഖം എടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അവർ ഓരോ ഇന്റർവ്യൂകളിലും മാറ്റി മാറ്റിയാണ് കാര്യങ്ങൾ പറയുന്നതെന്ന് സ്വാസിക ചൂണ്ടിക്കാട്ടി.
ചാനൽ റേറ്റിംഗിനുളള മത്സരത്തിനിടയിൽ ഇരയായി പോകുന്നചില ആളുകളുണ്ട്. ചിലരുടെ പരാതി കേൾക്കുമ്പോൾ അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെന്ന് തോന്നും. പക്ഷെ ചിലരുടെ കേൾക്കുമ്പോൾ ദേഷ്യമാണ് വരുന്നത്. സ്ത്രീകൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ നിയമം നൽകുന്നുണ്ട്. പക്ഷെ ചിലയാളുകൾ അതിനെ തെറ്റായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾക്ക് കുറേ ആനുകൂല്യങ്ങൾ നിയമം കൊടുക്കുന്നുണ്ട്. പക്ഷെ കുറേപ്പേർ അത് ദുരുപയോഗം ചെയ്യുന്നു. യഥാർത്ഥ കേസുമായി വരുമ്പോൾ ആൾക്കാർ വിശ്വസിക്കാത്ത സാഹചര്യമുണ്ടാകുമെന്നും സ്വാസിക പറയുന്നു.
അവർ എന്നെ അങ്ങനെ ചെയ്തു, അതുകൊണ്ട് ഞാൻ കാശ് ചോദിച്ചു എന്ന് ഈ സ്ത്രീ പറയുന്നു.അവിടെ തന്നെ മാന്യത പോയില്ലേ. എവിടെയാണോ നമ്മുടെ വ്യക്തിത്വം കളയുന്നത് അവിടെയാണ് മറ്റുള്ളവർ നമ്മളെ ഉപയോഗിക്കാൻ തുടങ്ങുന്നത്. ഒരു നോട്ടം കൊണ്ട് പുരുഷൻമാരെ ലക്ഷ്മണ രേഖയിൽ നിർത്താം. സ്ത്രീകൾ വിചാരിച്ചാൽ ഇത്തരം 90 ശതമാനം പ്രശ്നങ്ങളും ഇല്ലാതാക്കാമെന്ന് സ്വാസിക ചൂണ്ടിക്കാട്ടി.
Discussion about this post