റിയാദ്: പ്രവാസികള്‍ക്ക് വന്‍തുക പിഴ ലഭിക്കാന്‍ ഇടയാക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് സൗദി അറേബ്യ. പുതിയ സൗദി വ്യാപാര നിയമ പ്രകാരമാണ് ഇത് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മതപരവും സൈനികവും രാഷ്ട്രീയപരവുമായ നാമങ്ങള്‍ നല്‍കുന്നത് നിരോധിക്കുന്നു. മന്ത്രിമാരുടെ യോഗത്തില്‍ പുതിയ വാണിജ്യ രജിസ്ട്രേഷന്‍ നിയമത്തിനും വ്യാപാര നാമ നിയമത്തിനും അംഗീകാരം നല്‍കി. ഔദ്യോഗിക പത്രമായ അം അല്‍ ഖ്വുറയിലൂടെയാണ് പുതിയ നിയമത്തെക്കുറിച്ചുള്ള ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 50000 സൗദി റിയാല്‍ (ഏകദേശം 11 ലക്ഷം രൂപ) വരെ പിഴ ലഭിക്കും. എല്ലാ വ്യാപാരികളും സ്ഥാപനത്തിന്റെ പേര് വാണിജ്യ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. സ്ഥാപനത്തിന് പേര് നല്‍കാത്തവര്‍ക്കും 50000 റിയാല്‍ പിഴയൊടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ പേരുകളും മറ്റ് വ്യാപാരികള്‍ ഉപയോഗിക്കാന്‍ പാടില്ല. പൊതുക്രമത്തെയോ പൊതുധാര്‍മികതയെയോ ബാധിക്കുന്ന പേരുകളും, ലോകപ്രശസ്തമായ ട്രേഡ് മാര്‍ക്കുകള്‍, വ്യാപാര സ്ഥാപനങ്ങളുടെ പേരുകള്‍ എന്നിവയും റിസര്‍വ് ചെയ്യാനോ രജിസ്റ്റര്‍ ചെയ്യാനോ പാടില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പേരുകളും സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെ മൂല്യം ഉയര്‍ത്തുന്നതിനും പേരുകളും ട്രേഡ് മാര്‍ക്കുകളും സംരക്ഷിക്കുന്നതിനാണ് നിയമമെന്നാണ് വിവക്ഷ. അറബി വാക്കുകളോ സംഖ്യകളോ അടങ്ങിയ പേരുകള്‍ നല്‍കാന്‍ നിയമപ്രകാരം അനുവാദമുണ്ട്. രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും കനത്ത പിഴ തന്നെ .
Discussion about this post