ഇന്ത്യയിലെ വാഹനവിപണി മാറ്റത്തിന്റെ പാതയിലാണ്. പെട്രോൾ,ഡീസൽ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പടരുകയാണ് ആളുകളുടെ താത്പര്യം. കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി,ഫീച്ചറുകൾ വിപുലമാക്കി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി വാഹനകമ്പനികളും ഇലക്ട്രിക് വാഹനരംഗത്തുണ്ട്. ഇലക്ട്രിക് വാഹനനിരയിൽ സാധാരണക്കാരെ ആകർഷിച്ച കമ്പനിയാണ് ഒല.രാജ്യത്തെ നമ്പർ1 ഇലക്ട്രിക് ഇരുചക്ര വാഹനകമ്പനിയായ ഒലയുടെ സാമ്രാജ്യത്തിന് ചെറുതായി ഇളക്കം തട്ടുന്നുണ്ടെന്നാണ് വിവരം.
ബജാജ് ഓട്ടോയുടെ വിൽപ്പന അതിവേഗം വർധിച്ച് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിൽപ്പനയിൽ വിപണിയിൽ ഒന്നാമതുണ്ടായിരുന്ന ഒല ഇലക്ട്രിക്കിന്റെ വിൽപ്പനയിൽ വൻ ഇടിവുണ്ടായി. 21.4 ശതമാനം വിപണി വിഹിതമുള്ള ബജാജിന്റെ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ ഒല ഇലക്ട്രിക്കിന്റെ 27.6 ശതമാനം വിപണി വിഹിതത്തിന് അടുത്തെത്തിയിരിക്കുന്നു. ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ടിവിഎസ് മോട്ടോറും മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തി.
2024 സെപ്റ്റംബർ ഒന്നുമുതൽ സെപ്റ്റംബർ 29 വരെ, ഒല ഇലക്ട്രിക് 22,821 യൂണിറ്റുകൾ വിറ്റു. ബജാജ് ഓട്ടോ 17,507 യൂണിറ്റ് വിൽപ്പനയുമായി ടിവിഎസിനെ മറികടന്നു. ഈ കാലയളവിൽ ടിവിഎസ് 16,351 യൂണിറ്റുകൾ വിറ്റു. പ്രതിമാസ വിൽപ്പനയിൽ ഇതാദ്യമായാണ് ബജാജ് ടിവിഎസിനെ മറികടക്കുന്നത്. ബജാജിന്റെ ഈ വളർച്ച ഒലയ്ക്ക് ശരിക്കും വലിയ മത്സരമാണ് ഉണ്ടാക്കുന്നത്.
ബജാജിന്റെ ചേതക് മോഡൽ സൂപ്പർഹിറ്റായതോടെ വിപണിപിടിക്കാൻ ഒല ഇനി പുതിയ എന്ത് തന്ത്രവുമായാണ് എത്തുന്നതെന്ന് ഉറ്റുനോക്കുകയാണ് ആളുകൾ.
പൂർണമായും മെറ്റൽ ബോഡിയിൽ നിർമിച്ച ഇന്ത്യയിലെ ഏക ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് ചേതക് 2901 ഇവി. ഡിജിറ്റൽ കൺസോൾ, അലോയ് വീലുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ മോഡേൺ ഫീച്ചറുകളെല്ലാം ഇതിലുണ്ട്. ഹിൽ ഹോൾഡ്, റിവേഴ്‌സ്, സ്‌പോർട്, ഇക്കണോമി മോഡുകൾ, കോൾ, മ്യൂസിക് കൺട്രോളുകൾ, ‘ഫോളോ മി ഹോം’ ലൈറ്റുകൾ, ബ്ലൂടൂത്ത് ആപ്പ് കണക്റ്റിവിറ്റി തുടങ്ങിയ വിപുലമായ ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് അധിക തുക നൽകി ഓപ്ഷണൽ ടെക്പായ്ക്കും വാങ്ങാനാവും.റെഡ്, വൈറ്റ്, ബ്ലാക്ക്, ലൈം യെല്ലോ, അസൂർ ബ്ലൂ എന്നിങ്ങനെ അഞ്ച് പുത്തൻ കളർ ഓപ്ഷനുകളിലാണ് പുതിയ ചേതക് 2901 വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 123 കിലോമീറ്റർ റൈഡിംഗ് റേഞ്ചും ഇവിയിൽ ലഭ്യമാവും.അർബൻ എന്നു വിളിക്കുന്ന പതിപ്പിന് 1.35 ലക്ഷം രൂപയും ടോപ്പ് എൻഡ് പ്രീമിയം വേരിയന്റിന് 1.58 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്‌സ്‌ഷോറൂം വില.
അതേസമയം വിൽപ്പനയിൽ കാര്യമായ ഇടിവ് സംഭവിച്ചതോടെ ഒല ഗംഭീര ഓഫറുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ബോസ്’ അഥവാ ബിഗസ്റ്റ് ഓല സീസൺ സെയിൽ എന്ന ബാനറിന് കീഴിലാണ് ആകർഷകമായ ഓഫറുകളുടെ ഒരു നിര പുറത്തിറക്കിയത്. ഉപഭോക്താക്കളെ ആകർഷിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയിൽ ഇപ്പോൾ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോൾ വെറും 49,999 രൂപ മാത്രം മുടക്കിയാൽ ഈ എൻട്രി ലെവൽ സ്‌കൂട്ടർ സ്വന്തമാക്കാം. ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2 kWh ബാറ്ററി ഘടിപ്പിച്ച മോഡലാണ് കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നത്. ഫുൾ ചാർജിൽ 95 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ സർട്ടിഫൈഡ് റേഞ്ച്. മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേഗതയിൽ ഇത് പായും. ഓല S1 സീരീസിലെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും 10,000 രൂപ വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.
Discussion about this post