എറണാകുളം: ഗായിക കെ എസ് ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ്. വ്യക്തികത വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി സൃഷ്ടിച്ചാണ് സംഘം പണം തട്ടുന്നത്. തട്ടിപ്പിൽപ്പെട്ട് ആരും വഞ്ചിതരാകരുത് എന്ന് ചിത്ര അറിയിച്ചു. പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നിരവധി പേർക്കാണ് ചിത്രയുടെ പേരിൽ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് സന്ദേശം ലഭിച്ചത്. ഞാൻ കെഎസ് ചിത്രയാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുളളതായിരുന്നു സന്ദേശം. മലയാളത്തിലായിരുന്നു സന്ദേശം. അതുകൊണ്ട് തന്നെ പലരും ഇത് വിശ്വസിച്ചു. ചിത്ര തന്നെയാണോ എന്ന് സംശയത്തോടെ ചോദിച്ചവർക്ക് അതെ എന്ന മറുപടിയും കിട്ടി. ഇതോടെ ഇവരും വിശ്വസിച്ചു. ഇതിന് പിന്നാലെ നിക്ഷേപം നടത്താൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഉപഭോക്താക്കൾ ഇത് ചിത്രയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ തട്ടിപ്പിൽ വീഴരുതെന്ന് വ്യക്തമാക്കി ചിത്ര രംഗത്ത് വരികയായിരുന്നു.
‘ഞാൻ കെഎസ് ചിത്ര, ഇന്ത്യൻ പിന്നണി ഗായികയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ അംബാസഡർ കൂടിയാണ്. റിലയൻസിൽ 10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കിപ്പുറം 50,000 രൂപയാക്കി മടക്കിത്തരുമെന്നും താൽപര്യമുണ്ടെങ്കിൽ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോട് ചോദിച്ചാൽ മതി എന്നായിരുന്നു മെസഞ്ചറിൽ ആളുകൾക്ക് ലഭിച്ചിരുന്ന സന്ദേശം.
Discussion about this post