കൊച്ചി: മതവിശ്വാസം ഭരണഘടനയ്ക്ക് അതീതമല്ലെന്ന് ഹൈക്കോടതി. മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ, മുസ്ലീം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കാനാവില്ലെന്ന് ഇസ്ലാം മതം തന്നെ പറയുന്നുണ്ടെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഇന്ത്യയിൽ പരമാധികാരം ഭരണഘടനക്കാണെന്നും ജസ്റ്റിസ് ഓർമ്മപ്പെടുത്തി
മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദുൾ നൗഷാദ് നേരത്തെ എപി സുന്നി വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനായിരുന്നു.പെൺകുട്ടിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കോഴിക്കോട് കുന്നമംഗലം പോലീസ് ഇയാൾക്ക് എതിരെ കേസെടുത്തത്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് കാരന്തൂർ മർക്കസ് കോളേജിൽ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് വിദ്യാർത്ഥികളുമായി സംവാദത്തിന് എത്തിയിരുന്നു. വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ ചോദ്യംചോദിക്കാൻ അവസരം ലഭിച്ചവർക്ക് മന്ത്രി ഉപഹാരം നൽകി. സമ്മാനദാനത്തിനിടെ മന്ത്രി വിദ്യാർത്ഥികൾക്ക് ഹസ്തദാനം നൽകി. കൂട്ടത്തിൽ എൽഎൽബിക്ക് പഠിക്കുന്ന മുസ്ലീം പെൺകുട്ടിയുമുണ്ടായിരുന്നു.
ഈ ദൃശ്യമടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഹർജിക്കാരനായ അബ്ദുൽ നൗഷാദ് വിദ്യാർത്ഥിനി ശരി അത്ത് നിയമം ലംഘിച്ചെന്ന് ആരോപിക്കുകയും ചെയ്തു. അന്യ പുരുഷനെ സ്പർശിച്ചതിലൂടെ പ്രായപൂർത്തിയായ വിദ്യാർത്ഥിനി വിശ്വാസലംഘനം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ മതപ്രഭാഷകനായ അബ്ദുൽ നൗഷാദ് സോഷ്യൽമീഡിയയിൽ പങ്കുവച്ചു. അന്യപുരുഷൻമാർ ഇടകലരരുതെന്ന് പഠിപ്പിക്കുന്ന സംഘടനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പണ്ഡിതരുടെ സാന്നിധ്യത്തിൽ അശ്ലീലമായ കാര്യങ്ങൾ നടന്നുവെന്നായിരുന്നു അബ്ദുൽ നൗഷാദിന്റെ ആരോപണം.
തുടർന്നാണ് തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കിയെന്ന് കാട്ടി പെൺകുട്ടി പരാതിപ്പെട്ടതും കുന്ദമംഗലം പോലീസ് കേസെടുത്തതും.തനിക്ക് സമ്മാനം നൽകിയ സംസ്ഥാന മന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഹസ്തദാനം നൽകിയ പെൺകുട്ടിയോട് വിയോജിക്കാനും വിമർശിക്കാനും ഹർജിക്കാരന് എന്ത് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. തനിക്ക് നേരിട്ട മാനഹാനിക്കെതിരെ ധീരമായി പ്രതികരിച്ച പെൺകുട്ടിക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകേണ്ടതുണ്ടെന്നും പിൻതുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post