എറണാകുളം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിൻ പങ്കെടുത്തുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പിതാവ് മാർട്ടിൻ പീറ്റർ. ഓം പ്രകാശ് തങ്ങിയ ഹോട്ടലിൽ പ്രയാഗ എത്തിയിരുന്നതായി പിതാവ് പറഞ്ഞു. എന്നാൽ, തന്റെ മകളെത്തിയത് ഓം ലഹരി പാർട്ടിയിൽ പങ്കെടുക്കാനല്ലെന്നും സുഹൃത്തുക്കളെ കാണാനായാണ് ഹോട്ടലിൽ എത്തിയതെന്നും പിതാവ് വ്യക്തമാക്കി.
പ്രയാഗ നിരപരാധിയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. ആൾക്കൂട്ടത്തിൽ മോശക്കാരായ വ്യക്തികൾ ഉണ്ടെന്ന് നമ്മൾ എങ്ങനെ മനസിലാക്കാനാണ്. ഒരു കലാകാരിയായതുകൊണ്ടാണ് ഇതിനെല്ലാം വാർത്താപ്രാധാന്യം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണങ്ങളെ നിഷേധിച്ച് പ്രയാഗയുടെ അമ്മ ജിജി മാർട്ടിനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തന്റെ മകളുമായി സംസാരിച്ചിരുന്നു. പ്രയാഗ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അമ്മയുടെ പ്രതികരണം.
ഓം പ്രകാശ് ലഹരി പാർട്ടി നടത്തിയ ഹോട്ടൽ മുറിയിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും എത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. സ്ത്രീകളുൾപ്പെടെ 20ഓളം പേർ ലഹരിപാർട്ടിയിൽ പങ്കെടുത്തതായും ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ള 20 പേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് നോട്ടീസ് നൽകുമെന്നാണ് വിവരം. ഓം പ്രകാശിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
Discussion about this post