ചെന്നൈ; മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും വീട് വീണ്ടും കല്യാണവീടാകാൻ ഒരുങ്ങുകയാണ്. ദമ്പതികളുടെ പ്രിയപ്പെട്ട കണ്ണൻ മലയാളികളുടെ പ്രിയപ്പെട്ട അപ്പൂസെന്ന കാളിദാസ് ജയറാം വിവാഹിതനാകാൻ പോകുകയാണ്. പ്രണയിനി താരിണി കലിംഗരായരുമായുള്ള വിവാഹത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിവരം.
മകൾ മാളവികയെന്ന ചക്കിയുടെ വിവാഹം വളരെ ലളിതമായി ഗുരുവായൂരിൽ വച്ച് മൂന്ന് മാസം മുൻപാണ് നടത്തിയത്. യുകെയിലെ ചാട്ടേർഡ് അക്കൗണ്ടന്റായ നവനീതായിരുന്നു വരൻ. ഇരുവരും വിവഹശേഷം അമേരിക്കയിൽ സന്തോഷപൂർവ്വം ജീവിതം നയിക്കുകയാണ്.
മോഡലും ചെന്നൈ സ്വദേശിനിയുമായ താരിണിയുമായുള്ള വിവാഹനിശ്ചയമാണ് ആദ്യം കഴിഞ്ഞതെങ്കിലും മാളവികയുടെ വിവാഹമാണ് ആദ്യം നടത്തിയത്. അന്ന് തന്നെ ഈ വർഷം തന്നെ കാളിദാസിന്റെ വിവാഹവും ഉണ്ടാവുമെന്ന് താരദമ്പതികൾ വ്യക്തമാക്കിയിരുന്നു. വിവാഹം ഉടനുണ്ടാകുമെന്ന സൂചനയെന്നോണം ക്ഷണക്കത്തും നൽകി തുടങ്ങി. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനാണ് ആദ്യക്ഷണം. ഇതിന്റെ ചിത്രം ജയറാമും കുടുംബവും സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വലിയ താരനിര തന്നെയാണ് കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കുകയെന്നാണ് വിവരം. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സാന്നിദ്ധ്യമറിയിച്ച കാളിദാസും, ജയറാമിനും വലിയ സുഹൃദ് വലയം തന്നെ സിനിമാലോകത്തുണ്ട്. അമ്മ പർവ്വതിയും സിനിമാ കുടുംബത്തിൽ നിന്ന് തന്നെയായതിനാൽ വിഐപി അതിഥികളുടെ എണ്ണം ഉയരും. കുടുംബത്തിലെ അവസാനത്തെ വിവാഹമായതിനാൽ തന്നെ ആഡംബരപൂർണമായിരിക്കും വിവാഹമെന്നത് തീർച്ച. വിവാഹതീയതി പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ കാളിദാസിന് ചില ആരാധകർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും അബദ്ധം പറ്റിയത് പോലെ വിവാഹതീയതി പരസ്യമാക്കി വലിയ തിരക്കിനുള്ളിൽ വച്ച് വിവാഹിതനായി അന്നത്തെ ദിവസം ബുദ്ധിമുട്ടിലാവരുതെന്നാണ് ഓർമ്മപ്പെടുത്തൽ. മലയാളസിനിമ കണ്ട എക്കാലത്തെയും കല്യാണമാമാങ്കമായിരുന്നു ജയറാം-പാർവ്വതി വിവാഹം. പത്രങ്ങളിൽ അന്ന് ഓരോദിവസവും കൗണ്ട്ഡൗൺ പോലും ഉണ്ടായിരുന്നു. വിവാഹതീയതിയറിഞ്ഞ് ഗുരുവായൂരിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. താലിക്കെട്ട് സമയത്ത് ഇരുവരുടെയും മാതാപിതാക്കൾക്ക് പോലും മണ്ഡപത്തിലേക്ക് എത്തിച്ചേരാൻ നന്നേ പാടുപെട്ടു. ഈ അവസ്ഥ ഉണ്ടാക്കരുതെന്നും സൗകര്യപൂർവ്വം സോഷ്യൽമീഡിയെ അറിയിക്കാതെ സന്തോഷത്തിൽ വിവാഹിതനായി പിന്നീട് വാർത്തയും ചിത്രങ്ങളും പുറത്തുവിട്ടാൽ മതിയെന്നാണ് ആരാധകരുടെ ഓർമ്മപ്പെടുത്തൽ.
Discussion about this post