തിരുവനന്തപുരം: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ്. ബിസിനസിൽ രത്തൻ ടാറ്റ ഓരോ വിജയങ്ങളും കീഴടിക്കയപ്പോൾ അത് വളമായത് രാജ്യത്തിന്റെ വികസനത്തിന് ആയിരുന്നു. രത്തൻ ടാറ്റയെക്കുറിച്ച് പറയുമ്പോൾ മലയാളികൾക്ക് ഓർമ്മവരിക കൊറോണക്കാലമാണ്. കൊറോണ ഭീതിയിൽ കേരളം വിറങ്ങലിച്ചപ്പോൾ ഒരു ആശുപത്രി നിർമ്മിച്ച് നൽകി ആശ്വാസം പകർന്നത് രത്തൻ ടാറ്റയായിരുന്നു.
കൊറോണയുടെ ആദ്യ വ്യാപന സമയത്താണ് രത്തൻ ടാറ്റ കേരളത്തിന് ആശുപത്രി നിർമ്മിച്ച് നൽകിയത്. ആദ്യ ഘട്ടത്തിൽ കാസർകോട് ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞതോടെ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ആരോഗ്യപ്രവർത്തകർ പകച്ചു നിന്നു. ഇനി എങ്ങോട്ട് പോകണം എന്ന് അറിയാതെ രോഗികളും. ഈ വേളയിലാണ് ആശ്വാസ കിരണമായി രത്തൻ ടാറ്റ എത്തുന്നത്.
അന്ന് കാസർകോട് ജില്ലയിൽ 60 കോടി രൂപ ചിലവിട്ടായിരുന്നു രത്തൻ ടാറ്റ ആശുപത്രി നിർമ്മിച്ചത്. ടാറ്റയുടെ സാമൂഹിക സുരക്ഷാ ഫണ്ടിൽ നിന്നും എടുത്ത തുക കൊണ്ടായിരുന്നു കേരളത്തിനുള്ള ഈ കൈത്താങ്ങ്. അയ്യായിരം രോഗികളെ ഇവിടെ ഒരേ സമയം ചികിത്സിച്ചു. 197 ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്.
30 വർഷക്കാലത്തെ പ്രവർത്തനത്തിന് വേണ്ടിയായിരുന്നു ശീതീകരിച്ച കണ്ടെയ്‌നറുകളിൽ പ്രവർത്തിക്കുന്ന ആശുപത്രി നിർമ്മിച്ചത്. എന്നാൽ കൊറോണ വ്യാപനം അവസാനിച്ചതോടെ ആശുപത്രി അടച്ച് പൂട്ടുകയായിരുന്നു. കണ്ടെയ്‌നറുകൾ നശിക്കാൻ തുടങ്ങിയതോടെ പിന്നീട് ഈ ആശുപത്രി പൂർണമായി പൊളിച്ച് നീക്കി.
Discussion about this post