തിരുവനന്തപുരം:ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇത് അംഗീകരിച്ചു തരാൻ ബിജെപി ഒരുക്കമല്ല. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെർച്ച്വൽ ബുക്കിംഗ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസ് സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ വർഷം ഭക്തർക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തവണയും വേണ്ടത്ര മുന്നൊരുക്കം നടത്താൻ സർക്കാരും ബോർഡും തയ്യാറായിട്ടില്ല. സ്‌പോട്ട് ബുക്കിംഗ് ഉടൻ പുനസ്ഥാപിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post