ഡെറാഡൂൺ: ഇന്ത്യ-ചൈന യുദ്ധത്തിന് പിന്നാലെ ഉപേക്ഷിച്ച് പോയ ഗ്രാമം പുനർനിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരകാശി ജില്ലയിലെ ജദുംഗ് ഗ്രാമമാണ് കോടികൾ ചിലവിട്ട് സംസ്ഥാന സർക്കാർ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാക്കി ഗ്രാമത്തെ മാറ്റിയെടുക്കുകയാണ് സർക്കാർ ലക്ഷ്യം.
ഘട്ടംഘട്ടമായി ഗ്രാമത്തെ നവീകരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. ഇതിനായി ആദ്യഘട്ടത്തിൽ 3.6 കോടി ചിലവഴിക്കും. വ്യൂ പോയിന്റുകൾ ഒരുക്കാനും ഹോംസ്‌റ്റേകൾ തയ്യാറാക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഗർത്താംഗ് ഗാലിയ്ക്ക് സമീപം ആണ് വ്യൂ പോയിന്റുകൾ നിർമ്മിക്കുന്നത്. ഇതിനായി 1.4 കോടി രൂപ ചിലവിടും. ശ്രീകാന്തയിൽ ആറ് വീടുകൾ ഹോം സ്‌റ്റേകളായി പരിവർത്തനം ചെയ്യും. ബാക്കിയുള്ള തുകയിൽ നിന്നും 1.5 കോടി രൂപ ഇതിനായി വിനിയോഗിക്കും.
അടുത്തിടെ ജദുംഗിനെ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പണം അനുവദിച്ചത്. ആളുകളെ ഗ്രാമത്തിൽ പുന:രധിവസിപ്പിക്കാനും സർക്കാർ തീരുമാനം ഉണ്ട്.
സമുദ്ര നിരപ്പിൽ നിന്നും 3,800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശം ആണ് ജദുംഗ്. പ്രകൃതിഭംഗി കൊണ്ട് സമ്പന്നമായി ഈ പ്രദേശം 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷമാണ് ജദുംഗ് ഗ്രാമം ഏവരും ഉപേക്ഷിച്ചത്. തണുത്തുറഞ്ഞ ഗ്രാമമെന്ന വിശേഷണത്തിന് അർഹമായ പ്രദേശം ആണ് ജദുംഗ്.
ആസ്‌ട്രോ ടൂറിസത്തിന് വലിയ സാദ്ധ്യതയാണ് ഈ ഗ്രാമത്തിൽ ഉള്ളത്. മലിനീകരണത്തിൽ നിന്നും പൂർണമായി വിട്ട് നിൽക്കുന്ന ഗ്രാമമാണ് ഇത്. അതുകൊണ്ട് തന്നെ ഇവിടെ തെളിഞ്ഞ ആകാശം ദൃശ്യമാണ്. മലനിരകളാൽ സമ്പുഷ്ടമായതിനാൽ ട്രക്കിംഗിനും പക്ഷി നിരീക്ഷണത്തിനും ക്യാമ്പ് ചെയ്യുന്നതിനും അനുയോജ്യമായ പ്രദേശം ആണ്.
Discussion about this post