തിരുവനന്തപുരം; സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.
തെക്ക്, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മദ്ധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപത്തായി ശക്തികൂടിയ ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
മഞ്ഞ അലർട്ട്
13/10/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
14/10/2024: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
15/10/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം വാമനപുരം നദിയിലും, കരമന നദിയിലും മുന്നറിയിപ്പ് നൽകി. ഇരു നദികളുടേയും കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേന്ദ്രജലകമ്മീഷൻ മുന്നറിയിപ്പ് നൽകി.
Discussion about this post