കേശസംരക്ഷണം ഇന്ന് പലർക്കും ഒരു കീറാമുട്ടിയാണ്. തിരക്കേറിയ ജീവിതശൈലിയും മറ്റുകാരണങ്ങളും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിന് പോംവഴി തേടി ബ്യൂട്ടിപാർലറുകൾ കയറി ഇറങ്ങുന്നു. ചർമ്മസംരക്ഷണവും കേശസംരക്ഷണവും ഒരുപോലെ പ്രദാനം ചെയ്യുന്ന പല വിഭവങ്ങളും നമ്മുടെ ഈ പ്രകൃതിയിൽ ഉണ്ടായിരിക്കെയാണ് നാം കെമിക്കലുകൾക്ക് പിറകെ പോകുന്നത്.
ഇത്തിരി കേശ-മുഖ സംരക്ഷണം വീട്ടിലായാലോ? അതിനായി വേണ്ടത് ഈ സീസണിൽ സുലഭമായി ലഭിക്കുന്ന ഓറഞ്ചാണ്. താരതമ്യേന വിലക്കുറവിൽ ഓറഞ്ച് നമുക്ക് ഇപ്പോൾ ലഭ്യമാകുന്നതിനാൽ ഒട്ടും മടിക്കാതെ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം.
വിറ്റാമിൻ സി യും ആന്റി ഓക്‌സിഡന്റും അടങ്ങിയ പഴമാണ് ഓറഞ്ച്.അതുകൊണ്ട് തന്നെ ചർമ്മസംരക്ഷണത്തിനായി ഓറഞ്ച് വ്യാപകമായി ഉപയോഗിച്ച് വരുന്നു. എന്നാൽ മുടിവളരാനും താരൻ പോകാനും എല്ലാം ഓറഞ്ച് സഹായകമാകുമെന്ന് അറിയാമോ? ഓറഞ്ചിലെ വൈറ്റമിൻ സി തലയോട്ടിയിലെ പി എച്ച്, അണുബാധകൾ, മുടിയുടെ മറ്റ് പ്രശ്‌നങ്ങൾ എന്നിവ നിയന്ത്രിക്കും
മുടിക്ക് നല്ല തിളക്കം കിട്ടാനും ഇടതൂർന്ന് വളരാനും ഓറഞ്ച് ഓയിൽ സഹായിക്കും.തലയോട്ടിയെ ആഴത്തിൽ പോഷിപ്പാക്കാനും ഈർപ്പം നൽകാനും ഓറഞ്ച് ഓയിൽ സഹായിക്കും. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇതിലെ വിറ്റാമിൻ സി സഹായിക്കും. ഇതിനായുള്ള ഓറഞ്ച് ഓയിൽ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. രണ്ട് മീഡിയം സൈസ് ഓറഞ്ചുകൾ എടുത്ത് അതിന്റെ തൊലി എടുക്കുക. തൊലികൾ ഉണക്കി പൊടിച്ചെടുക്കുക. ഇതിന്റെ പകുതി അളവിൽ ഓറഞ്ച് നീര് എടുക്കുക. വെളിച്ചെണ്ണയോ മറ്റ് എണ്ണയോ ഇതിനൊപ്പം ചേർക്കുക. മൂന്നും നന്നായി കലർത്തുക. 2- 3 ദിവസം സൂര്യ പ്രകാശത്തിൽ വെയ്ക്കുക. ഉപയോഗിക്കുക. ഈ ഓയിൽ മുഖത്ത് പുരട്ടി കുറച്ച് നേരത്തിന് ശേഷം കഴുകി കളയുന്നത് ചർമ്മം തിളക്കമുള്ളതാക്കുകയും ചെയ്യും.
ഓറഞ്ച് ജ്യൂസ് നല്ലൊരു ഹെയർ പായ്ക്കായും ഉപയോഗിക്കാം. ഇതും തേൻ, വെള്ളം എന്നിവയും ചേർത്ത് തലയിൽ പുരട്ടാം. കാൽ മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. താരനകറ്റാൻ ഓറഞ്ചിന്റെ തൊലി നല്ലതാണ്. ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചതും നാരങ്ങ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഷാംപൂ ചെയ്തു കഴുകിക്കളയുക. ഓറഞ്ച് തൊലി രാത്രി മുഴുവൻ വെള്ളത്തിൽ ഇടുക. രാവിലെ ഇത അരച്ച് തലയിൽ തേയ്ക്കാം. ഇത് അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി വൃത്തിയാക്കുവാൻ സഹായിക്കും.
Discussion about this post