ടർക്കിഷ് എയർലൈൻസിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് നടി തപ്സി പന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് നടി എയർലൈൻസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ടർക്കിഷ് എയർലൈൻസിന്റെ വിമാനം 24 മണിക്കൂർ നേരമാണ് വൈകിയത് എന്ന് നടി വ്യക്തമാക്കുന്നു. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവമായിരുന്നു ഇതെന്നും തപ്സി അഭിപ്രായപ്പെട്ടു.
വിമാനം വൈകിയത് മാത്രമല്ല യാതൊരുവിധ കസ്റ്റമർ കെയർ സേവനങ്ങളും ടർക്കിഷ് എയർലൈൻസ് നൽകുന്നില്ല എന്നും തപ്സി കുറ്റപ്പെടുത്തി. നോൺ കെയർ കസ്റ്റമർ സർവീസ് എന്നൊരു വിശേഷണം ഉണ്ടെങ്കിൽ അത് ടർക്കിഷ് എയർലൈൻസിന് നൽകണമെന്നും നടി അഭിപ്രായപ്പെട്ടു. 24 മണിക്കൂർ സമയം വൈകിയിട്ടും വിമാന ജീവനക്കാരുടെയും അധികൃതരുടെയും ഭാഗത്തുനിന്നും വലിയ രീതിയിലുള്ള നിസ്സഹകരണമാണ് ഉണ്ടായത് എന്നും തപ്സി പന്നു തന്റെ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
ഇറ്റാലിയൻ ചിത്രമായ പെർഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ‘ഖേൽ ഖേൽ മേ’ എന്ന ചിത്രത്തിലാണ് ബോളിവുഡ് താരം തപ്‌സി പന്നു ഒടുവിൽ അഭിനയിച്ചത്. പ്രതീക് ഗാന്ധിയ്‌ക്കൊപ്പം അഭിനയിക്കുന്ന ‘വോ ലഡ്‌കി ഹേ കഹാൻ’ എന്ന സിനിമയാണ് തപ്സിയുടേതായി ഇനി വരാനിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പ്രീമിയർ ആയ ആക്ഷൻ-ത്രില്ലർ ‘ഗാന്ധാരി’യിൽ കനിക ധില്ലനൊപ്പം ഒരു പ്രധാന വേഷത്തിലും തപ്സി എത്തുന്നുണ്ട്.
Discussion about this post