വയനാട്: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കെ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച് പ്രശസ്ത പരിസ്ഥിതി – സാമൂഹിക പ്രവർത്തകയും നർമതാ ബച്ചാവോ ആന്ദോളന്റെ ജനകീയ നേതാവുമായ മേധ പട്കർ. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം അവർ പ്രതികരിച്ചു. വികസനത്തിന്റെ പേരിൽ നടക്കുന്ന പ്രകൃതിചൂഷണങ്ങളാണ് ഇത്തരത്തിലുള്ള ദുരന്തത്തിലേക്ക് നയിക്കുന്നതെന്നും അവർ പറഞ്ഞു.
പ്രളയത്തെയും ഉരുൾപൊട്ടലിനെയുമെല്ലാം പൂർണമായും പ്രകൃതിദുരന്തമെന്ന് വിളിക്കാനാവില്ല. ദുർബലമായ പ്രദേശങ്ങളാണ് ഇവ. 1984 മുതൽ മുണ്ടക്കെ, ചൂരൽമല മേഖലകൾ ഉരുൾപൊട്ടൽ നേരിടുന്നുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ അപകടമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിലും ഇതേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ആ റിപ്പോർട്ട് പരിഗണിക്കപ്പെടുന്നില്ല. പല മനുഷ്യ ഇടപെടലുകളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലിനു പിന്നാലെ നദിയുടെ സ്വഭാവം തന്നെ മാറി. വലിയ പാറകഷ്ണങ്ങളെ നിഷ്പ്രയാസമാണ് കിലോമീറ്ററുകളോളം നദി എത്തിച്ചത്. അതി ദുർബലമായ പ്രദേശങ്ങളെ അതിന്റെ വഴിക്ക് വിടുക. അവിടെ ഒരുതരത്തിലുള്ള വികസനത്തിനും തയാറാകരുത്. പ്രകൃതിവിഭവങ്ങളെ അതുപോലെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.
മനുഷ്യാവകാശം, ആരോഗ്യം, സാമൂഹികപ്രവർത്തനം എന്നിവയിലെല്ലാം കേരളം ഏറെ പ്രശസ്തമാണെങ്കിലും ഇതൊരു ദുരന്ത സാധ്യതാമേഖല കൂടിയാണ്. 2018ൽ കേരളത്തിന് പ്രളയം നേരിടേണ്ടി വന്നു. ഇപ്പോഴിതാ ഉരുൾപൊട്ടലും. പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. വികസനം ആവശ്യമാണെങ്കിലും എല്ലായിടത്തും ഇതിന്റെ ആവശ്യമില്ല. ടൂറിസം നമുക്ക് ആവശ്യമാണ്. മലമേഖലകളിലുള്ളവരുടെ ജീവിതമാർഗം തന്നെയാണ് ടൂറിസം. എന്നാൽ, വിനോദസഞ്ചാരത്തിന് വേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് നല്ലതല്ലെന്നും മേധ പട്കർ പറയുന്നു.
Discussion about this post