എറണാകുളം: അവധിക്കാലം നാട്ടിൽ ആഘോഷിക്കാൻ പദ്ധതിയിടുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വർദ്ധന. അടുത്ത മാസം അവസാനവാരത്തോടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാനാണ് വിമാനക്കമ്പനികളുടെ തീരുമാനം. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്കാകും വർദ്ധനവ്. അവധിക്കാലം മുന്നിൽ കണ്ടുകൊണ്ടാണ് ഈ സുപ്രധാന തീരുമാനം. ഇതോടെ ദുബായിലെ മലയാളികളുടെ യാത്ര ചിലവ് ഏറും.
നേരത്തെ ഓണക്കാലത്തും ടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചിരുന്നു. എന്നാൽ പിന്നീട് കുറയുകയായിരുന്നു. നിലവിൽ ദുബായിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ആറായിരം രൂപയിൽ താഴെയാണ്. എന്നാൽ അടുത്ത മാസത്തോടെ ഇത് വർദ്ധിക്കും. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന് ആറിരട്ടിവരെയാണ് നിരക്ക് വർദ്ധന ഉണ്ടാകുക.
ഡിസംബറിൽ പിന്നെയും വർദ്ധനവ് ഉണ്ടാകും എന്നാണ് വിവരം. നിലവിൽ ആറായിരം രൂപ നൽകി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഡിസംബറിൽ 36000 രൂപയാണ് നൽകേണ്ടിവരിക. ഓണക്കാലത്ത് ടിക്കറ്റ് നിരക്കിൽ 10 ഇരട്ടി വർദ്ധനവ് ഉണ്ടായിരുന്നു.
അവധിക്കാലത്ത് പ്രവാസികളിൽ ഏറിയ പങ്കും നാട്ടിലേക്ക് വരാറുണ്ട്. എല്ലാ വർഷവും നാട്ടിലേക്ക് അവധി ആഘോഷിക്കാൻ എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ വലിയ വർദ്ധനവും ഉണ്ടാകുന്നുണ്ട്. ഇതാണ് നിരക്ക് വർദ്ധനയ്ക്ക് വിമാന കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഇതുവഴി വലിയ ലാഭം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം.
Discussion about this post