കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയതൊക്കെയും കൃത്യമായ തിരക്കഥയുടെ ഭാഗമാണെന്നത് ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു. റവന്യൂ ജീവനക്കാർക്കല്ലാതെ മറ്റാർക്കും ക്ഷണമില്ലാതിരുന്ന ചടങ്ങിൽ ക്ഷണിക്കപ്പെടാതെ കടന്നുവന്ന ദിവ്യ ആറ് മിനിറ്റോളം എഡിഎം നവീൻ ബാബുവിനെതിരെ അധിക്ഷേപ വാക്കുകൾ ചൊരിയുകയായിരുന്നു. കൃത്യമായി വീഡിയോഗ്രാഫറെ ഏൽപ്പിച്ച് പകർത്തിയ ദൃശ്യങ്ങൾ, രാത്രി തന്നെ സമൂഹമാദ്ധ്യമങ്ങളിലും മറ്റ് മാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചു. വാർത്തയാകുമെന്ന് ഉറപ്പാക്കി. ഒടുവിൽ അതൊരു മനുഷ്യന്റെ ആത്മഹത്യയിലേക്ക് എത്തിക്കുകയും ചെയ്തു.
നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരിയായ പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം വരുന്നത് ഇതാദ്യമായല്ല. നേരത്തെയും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ കേസെടുത്തിരുന്നു. 2016ൽ തലശ്ശേരി കുട്ടിമാക്കൂലിൽ ദളിത് വിഭാഗത്തിൽപെട്ട പെട്ട പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ദളിത് വിഭാഗത്തിൽപെട്ട സഹോദരിമായെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ചാനൽ ചർച്ചയിൽ ഇവർ പൊതുശല്യമെന്ന തരത്തിൽ ദിവ്യ പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു പരാതി. പട്ടികവിഭാഗ കമ്മീഷനാണ് കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളുകയായിരുന്നു.
അതേസമയം, നവീൻ ബാബുവിന്റെ മരണം നടന്ന് ഈ നിമിഷം വരെയും ദിവ്യ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പ്രതികരിക്കാനും ദിവ്യ തയ്യാറായിട്ടില്ല. ദിവ്യയുടെ പരാമർശങ്ങളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെയുള്ള ദിവ്യയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുരെവന്ന് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണെന്നും സിപിഎം ആവശ്യപ്പെട്ടു.
Discussion about this post