മോശം ജീവിതശൈലി, പോഷകാഹാരക്കുറവ്, വർദ്ധിച്ചുവരുന്ന മലിനീകരണം എന്നിവ കൊണ്ട് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അകാലനര. കുട്ടികളിലും കൌമാരക്കാരിലും വരെ ഇന്ന് നര കണ്ടുവരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ നാം ഹെയർ ഡൈകളെയാണ് ആശ്രയിക്കാറുള്ളത്. ബ്യൂട്ടി പാർലറുകളിൽ പോയി മുടി കളർ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ മുടി ദുർബലമാകാനും പൊട്ടിപ്പോകാനും കാരണം ആകും. മാത്രമല്ല മുടി അതിവേഗത്തിൽ നരയ്ക്കുന്നതിനും ഡൈകളുടെ ഉപയോഗം വഴിവക്കും.
എന്നാൽ, ഒരു തരത്തിലുമുള്ള കെമിക്കലുകളും ഉപയോഗിക്കാതെ ഈസിയായി നിങ്ങൾക്ക് മുടി കറുപ്പിക്കാം. വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം മതി ഇൗ ഡൈ ഉപയോഗിക്കാൻ. പനിക്കൂർക്കയിലയും കഞ്ഞിവെള്ളവുമാണ് ഈ സാധനങ്ങൾ. ഇവയുപയോഗിച്ച് ഉണ്ടാക്കുന്ന പനിക്കൂർക്ക ഡൈ നര മാറാൻ മാത്രമല്ല, മുടി വളരാനും താരൻ മാറാനും ഉത്തമമാണ്. അതുകൊണ്ട് തന്നെ ഇത് നര ഇല്ലാത്തവർക്കും ഉപയോഗിക്കാം.
എങ്ങനെയാണ് ഈ ഡൈ ഉണ്ടാക്കുകയെന്ന് നോക്കാം…
രണ്ട് ഗ്ലാസ് കഞ്ഞിവെള്ളം, ഒരു പിടി പനിക്കൂർക്കയില, 8 ചെമ്പരത്തിപ്പൂവ്, 4 ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി എന്നിവയാണ് ഈ നാച്വറൽ ഡൈ ഉണ്ടവാക്കാൻ വേണ്ടത്.
എങ്ങനെയാണ് ഇത് തയ്യാറാക്കുകയെന്ന് നോക്കാം…
ആദ്യം പനിക്കൂർക്കയിലയും ചെമ്പരത്തിപ്പൂവും കഞ്ഞിവെള്ളം ചേർത്ത് അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന നെല്ലിക്കാപ്പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഒരു ഇരുമ്പു പാത്രത്തിലാക്കി രാത്രി മുഴുവൻ അടച്ചു സൂക്ഷിക്കണം.
പിറ്റേ ദിവസം വേണം ഈ ഡൈ തലയിൽ തേക്കാൻ. ആദ്യം തലയിൽ നന്നായി എണ്ണ തേച്ചു പിടിപ്പിക്കുക. ഇതിന് പിന്നാലെ രാത്രി മുഴുവൻ അടച്ചു സൂക്ഷിച്ച ഡൈ തലയുടെ എല്ലാ ഭാഗത്തും തേക്കുക. ഇത് ഒരു മണിക്കൂർ തലയിൽ വച്ചതിന് ശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഷാംപുവിന് പകരം താളി ഉപയോഗിക്കുന്നത് കുറച്ചുകൂടി നല്ലതാണ്.
Discussion about this post