ഒരു കഷ്ണം ചിക്കനോ മീനോ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ എല്ലാ ദിവസും കടയിൽ പോയി ചിക്കനും മീനുമൊക്കെ വാങ്ങാൻ നമുക്ക് മടിയുമാണ്. നിറയെ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ഇതിനായി നമ്മൾ കാണുന്ന പരിഹാരം. എന്നാൽ ഇത്തരത്തിൽ ഇറച്ചിയും മീനും ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
ഇറച്ചിയും മീനുമെല്ലാം ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. നല്ല തണുപ്പ് കിട്ടിയില്ലെങ്കിൽ ഇവ പെട്ടെന്ന് കേടാകും. മീൻ കേടായാൽ മണത്തിൽ നിന്നും ഇത് മനസിലാക്കാം. രൂക്ഷമായ ദുർഗന്ധം ആയിരിക്കും കേട് വന്ന മീനിൽ നിന്നും ഉണ്ടാകുക. ചിക്കൻ ആകട്ടെ പാകം ചെയ്ത് കഴിക്കുമ്പോഴാണ് നമുക്ക് പണി കിട്ടുക. അതുകൊണ്ട് തന്നെ അനുയോജ്യമായ തണുപ്പിൽ വേണം ഇവ സൂക്ഷിക്കാൻ.
ചിലർ കടയിൽ നിന്നും ഇറച്ചി വാങ്ങി കൊണ്ടുവന്നാൽ ആ കവറോട് കൂടിയാണ് ഫ്രീസറിൽ സൂക്ഷിക്കാറുള്ളത്. ഇത് ഒട്ടും ശരിയായ രീതിയല്ല. പുറത്തെടുത്തതിന് ശേഷം മറ്റൊരു പാത്രത്തിൽ ആക്കി വേണം ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിക്കാൻ. അത് മാത്രമല്ല ഇങ്ങനെ സൂക്ഷിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കാൻ ഉണ്ട്.
വാങ്ങി കൊണ്ടുവന്ന് പാകം ചെയ്താൽ ലഭിക്കുന്ന രുചി ഫ്രിഡ്ജിൽ വച്ച് ദിവസങ്ങൾക്ക് ശേഷം ഉപയോഗിച്ചാൽ കിട്ടില്ല. ഇത് പരിഹരിക്കാൻ ഒരു മാർഗ്ഗമുണ്ട്. പാത്രത്തിൽ ഇറച്ചിയിട്ട ശേഷം അതിൽ അൽപ്പം വെള്ളം ഒഴിക്കുക. ശേഷം ഫ്രീസറിൽ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ രുചിയ്ക്ക് മാറ്റം ഉണ്ടാകില്ല. നന്നായി അടച്ച് വേണം ഇത്തരത്തിൽ ഇറച്ചി സൂക്ഷിക്കാൻ.
Discussion about this post