ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. സ്പിൽവേ പൊഴിമുഖത്തിന് സമീപം 150 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഇപ്പോഴും പ്രദേശത്ത് തത്സ്ഥിതി തുടരുകയാണെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ തീരദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. നേരത്തെ കടൽ ഉണ്ടായിരുന്ന ഭാഗം ചളിയായി കാണപ്പെടുകയായിരുന്നു. ഇതോടെ പ്രദേശവാസികൾ വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. അധികൃതർ എത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. അതേസമയം കടൽ ഉൾവലിയാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. കള്ളക്കടൽ പ്രതിഭാസമാണ് പിന്നിൽ എന്നാണ് സൂചന.
ഇതിനിടെ തോട്ടപ്പള്ളിയിൽ നിന്നും 500 മീറ്റർ മാറി തെക്കുമുറി പല്ലന തീരത്ത് കടൽക്ഷോഭമുണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്. ഉൾവലിഞ്ഞ സാഹചര്യത്തിൽ കടൽ ആഞ്ഞടിയ്ക്കുമോയെന്ന ഭീതിയിൽ ആണ് പ്രദേശവാസികൾ.
Discussion about this post