കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന പി. സരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയായി ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സമേനാജ് ആണ് സരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൂത്തബ്രഡ് പാലക്കാട് ചിലവാകില്ല എന്നായിരുന്നു സനോജിന്റെ കുറിപ്പ്. ഇത് ആരെ ഉന്നംവച്ച് കൊണ്ടുള്ളതാണ് എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. രാഹുലിനെയാണോ അതോ സരിനെ ആണോ പൂത്ത ബ്രഡിനോട് സനോജ് ഉപമിച്ചത് എന്ന് വ്യക്തമല്ല.
രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കികൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ അസ്വാരസ്യത്തിലായ സരിനെ ആ നിമിഷം മുതൽ ഇടത് പാളയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിൽ ആയിരുന്നു ഇടത് നേതാക്കൾ. ഇതിനിടെയാണ് രാത്രി ഇടത് സ്വതന്ത്ര്യനായി സരിൻ മത്സരിക്കുമെന്ന സ്ഥിരീകരണം വന്നത്.
കെപിസിസിയുടെ ഡിജിറ്റൽ മീഡിയ കൺവീനർ ആയിരുന്നു പി.സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സരിൻ വാർത്താ സമ്മേളനത്തിൽ പരസ്യമായി രംഗത്ത് വരികയായിരുന്നു. ഇതോടെ കോൺഗ്രസ് നേതൃത്വം സരിനെതിരെ രംഗത്ത് എത്തി. നിലപാട് തിരുത്തിയില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും എന്നായിരുന്നു നേതൃത്വത്തിന്റെ താക്കീത്.
Discussion about this post