കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും പി പി ദിവ്യ അറിയിച്ചു.
സിപിഎം നടപടി സ്വീകരിച്ചതിന് പിന്നാലെ താൻ രാജിവെക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് നൽകിയ ഔദ്യോഗിക കുറിപ്പിലാണ് പി പി ദിവ്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി പി ദിവ്യ പ്രസ്താവനയിൽ വ്യക്തമാക്കി.
“അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ഞാൻ നടത്തിയത്. എങ്കിലും എന്റെ പ്രതികരണത്തിന്റെ ചില ഭാഗങ്ങൾ ഒഴിവാക്കണമായിരുന്നു എന്ന പാർട്ടി നിലപാട് ശരി വെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതം എന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിട്ടുണ്ട്” എന്നും പി പി ദിവ്യ തന്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇന്ന് നടന്ന സിപിഎമ്മിന്റെ പ്രത്യേക യോഗത്തിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കാൻ തീരുമാനമായിരുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കടുത്ത ജനരോഷമാണ് പി പി ദിവ്യക്കെതിരെ സംസ്ഥാനമെമ്പാടും ഉയരുന്നത്. നവീൻ ബാബുവിനെ സഹോദരൻ നൽകിയ പരാതിയിൽ കണ്ണൂർ പോലീസ് ഇന്ന് കേസെടുക്കുകയും ചെയ്തിരുന്നു. പിപി ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post