അന്റാർട്ടിക്കയിൽ അന്യഗ്രഹ ജീവികളുടെ താവളമെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങളിലെ വാസ്തവം വ്യക്തമാക്കി ശാസ്ത്രജ്ഞർ. ഗൂഗിൾ മാപ്പിൽ അന്റാർട്ടിക്കയിൽ തിരച്ചിൽ നടത്തവേയാണ് മഞ്ഞിനിടയിൽ വാതിൽപാളി കണ്ടെത്തിയത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് വാതിൽപാളിയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അന്യഗ്രഹ ജീവികളുടെ താവളമാണ് ഈ വാതിൽ പാളികൾ എന്ന രീതിയിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് ശാസ്ത്രജ്ഞർ എത്തിക്കഴിഞ്ഞു. ഇത് അന്യഗ്രഹ ജീവികളുടെ താവളമല്ല, മറിച്ച് ഐസ്ബർഗ് ആണെന്നും ശാസ്ത്രജ്ഞർ പറയുന്നു. അധികമാരും എത്തിപ്പെടാത്ത ഹിമ ഭൂമിയാണ് ദക്ഷിണ ധ്രുവ ഭൂഖണ്ഡമായ അന്റാർട്ടിക്ക. ഭൂമിയിൽ വന്ന് പതിച്ച ഉൽക്കകളിൽ മൂന്നിലൊന്നും കണ്ടെത്തിയത് അന്റാർട്ടിക്കയിൽ നിന്നാണ്. ഇവിടെ നിന്നും കണ്ടെത്തിയ ഒരു ഉൽക്ക ചൊവ്വയിൽ നിന്നുള്ളതായിരുന്നു. ഇത്തരം കാര്യങ്ങൾ കൊണ്ടു തന്നെ അന്റാർട്ടിക്കയ്ക്ക് ഒരു അന്യഗ്രഹജീവി പരിവേഷം കൊടുക്കാൻ ഒരു വിഭാഗം ശ്രമിച്ചിട്ടുണ്ട്.
ഇതിനിടയിൽ അന്റാർട്ടിക്കയിൽ പിരമിഡ് രൂപത്തിലുളള മല കണ്ടെത്തിയെന്ന തരത്തിലുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത അന്റാർട്ടിക്കയുടെ ഒരു പ്രത്യേക മേഖയിൽ കണ്ടെത്തിയെന്ന് പറയുന്ന ഇത്തരമൊരു പിരമിഡ് നിർമിക്കാൻ മനുഷ്യർക്ക് കഴിയില്ലെന്നും ഇത് അന്യഗ്രഹ ജീവികൾ നിർമിച്ചതാണെന്നും ആയിരുന്നു ഇക്കൂട്ടരുടെ വാദം. എന്നാൽ, ഈ മലയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പ്രകൃതിദത്ത ഘടനകളാണെന്നും വ്യക്തമാക്കി മറ്റൊരു വിഭാഗവും രംഗത്ത് എത്തിയിരുന്നു.
Discussion about this post