സൗരകൊടുങ്കാറ്റുകൾ വരും ദിവസങ്ങളിൽ ഭൂമിയിലേക്ക് വരുമെന്ന് അറിയിപ്പ്. സൂര്യനിൽ ശക്തമായ പൊട്ടിത്തെറികൾ തുടരുന്നതിനാലാണ് നാസ മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. സോളാർ മാക്‌സിമത്തിൽ എത്തിയതാണ് ഇതിന് കാരണം.
സോളാർ മാക്‌സിമം എന്ന ഘട്ടത്തിലേക്ക് സൂര്യൻ പ്രവേശിച്ചതായി നാസ അറിയിച്ചു. കൂടുതൽ സോളാർ ആക്റ്റിവിറ്റികൾ സംഭവിക്കുന്ന കാലായളവിനെയാണ് സോളാർ മാക്‌സിമം എന്ന് വിളിക്കുന്നത്. അതിശക്തമായ സൗരജ്വാലകൾ സൂര്യൻ പുറംതള്ളുന്ന ഘട്ടമാണിത്. ഇതേ തുടർന്ന് ഒക്ടോബർ മാസം ഏറെ അതിശക്തമായ സൗരജ്വാലകളാണ് ഉണ്ടാവുക.
ശരാശരി 11 വർഷത്തിനിടെയാണ് ഇത് സംഭവിക്കുക. ഇപ്പോഴത്തെ സോളാർ സൈക്കിൾ 2025 വരെ തുടരും. സൈക്കിൾ 25 എന്നാണ് ഈ സോളാർ ഘട്ടം അറിയപ്പെടുന്നത്. അതിശക്തമായ സൗരജ്വാലകൾ ജിയോ മാഗ്‌നറ്റിക് കൊടുങ്കാറ്റുകൾക്ക് കാരണമാകും. ഇത് ഭൂമിയിൽ ധ്രുവദീപ്തി സൃഷ്ടിക്കും.
ധ്രുവപ്രദേശത്തോടു ചേർന്ന് അതായത് ഉയർന്ന അക്ഷാംശ മേഖലകളിൽ രാത്രികാലങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസമാണ് അറോറ അഥവാ ധ്രുവദീപ്തി. ധ്രുവപേദേശത്ത് കാണുന്നതിനെ സതേൺ ലൈറ്റ്‌സ് എന്നും ഉത്തരധ്രുവപേദേശത്ത് കാണുന്നതിനെ നോർത്തേൺ ലൈറ്റ്‌സ് എന്നും പറയുന്നു. ഇന്ത്യയിൽ ലേയും ലഡാക്കിലുമാണ് നോർത്തേൺ ലൈറ്റസ് സാധാരണയായി ദൃശ്യമാകാറുള്ളത്.
ഇതേ തുടർന്ന് ഭൂമിയിൽ ചില സാങ്കേതിക പ്രശ്‌നങ്ങളും ജിയോ മാഗ്‌നറ്റിക് കൊടുങ്കാറ്റുകൾ സൃഷ്ടിക്കും. സൗരകൊടുങ്കാറ്റുകൾ മനുഷ്യർക്ക് യാതൊരു പ്രശ്‌നവും സൃഷ്ടിക്കാറില്ല. എങ്കിലും റേഡിയോ പ്രക്ഷേപണത്തിൽ പ്രശ്നങ്ങൾ, നാവിഗേഷൻ സിഗ്‌നലുകളിൽ തകരാർ, പവർഗ്രിഡുകളിൽ പ്രശ്നങ്ങൾ, സാറ്റ്ലൈറ്റുകളിൽ തകരാർ എന്നിവയ്ക്ക് സൗരക്കാറ്റുകൾ കാരണമാകാറുണ്ട്. ഭൂമിക്ക് മാത്രമല്ല മറ്റ് ഗ്രഹങ്ങൾക്കും അതിശക്തമായ സൗരജ്വാലകൾ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്.
Discussion about this post