ബാഗ്ദാദ് : ക്രൂരമായ ബലാത്സംഗത്തിനും കൊടിയ പീഡനങ്ങൾക്കും വിധേയയായി ഒടുവിൽ ഗാസയിൽ നിന്ന് ഇസ്രയേൽ സൈനികർ രക്ഷപ്പെടുത്തിയ യസീദി യുവതിയുടെ അനുഭവങ്ങളിൽ ഞെട്ടി ലോകം. ഗാസയിൽ ഹമാസ് ഭീകരരുടെ പിടിയിലായിരുന്ന യസീദി പെൺകുട്ടി ഫൗസിയ അമിൻ സിഡോയുടെ ജീവിതമാണ് നെഞ്ചുപൊട്ടുന്ന വേദനയോടെ ലോകം കേട്ടത്. ഇറാഖിൽ നിന്ന് 2014 ൽ ഐഎസിന്റെ പിടിയിലായ പെൺകുട്ടിയെയാണ് പത്ത് വർഷത്തിനു ശേഷം ഹമാസിന്റെ പിടിയിൽ നിന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് മോചിപ്പിച്ചത്.
ഡോക്യുമെന്ററി ഫിലിം മേക്കറായ അലൻ ഡങ്കനാണ് ഫൗസിയയുമായുള്ള അഭിമുഖം പുറത്തുവിട്ടത്. കുർദുകൾക്കൊപ്പം പോരാടിയ മുൻ സൈനികനാണ് അലൻ ഡങ്കൻ. വടക്കൻ ഇറാഖിലെ സിഞ്ജാറിൽ വെച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ താൻ നേരിട്ട കൊടിയ പീഡനങ്ങളുടെ വിവരങ്ങളാണ് അഭിമുഖത്തിൽ ഫൗസിയ പറയുന്നത്.
ഒൻപത് വയസ്സുള്ളപ്പോഴാണ് ഫൗസിയ സിഡോ ഐഎസ് ഭീകരരുടെ കയ്യിൽ അകപ്പെടുന്നത്. പിടിച്ചതിനു ശേഷം നാലു ദിവസം ഭക്ഷണം പോലും നൽകാതെ നടത്തുകയായിരുന്നു. ഫൗസിയയേയും സഹോദരനേയും. മറ്റൊരു ഐഎസ് കേന്ദ്രത്തിലെത്തിയ യസീദി വംശജർക്ക് പിഞ്ചുകുട്ടികളുടെ മാംസം പാകം ചെയ്ത് നൽകിയെന്നും ഫൗസിയ പറഞ്ഞു. തല വെട്ടിമാറ്റപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം കാണിച്ചതിനു ശേഷം ഈ കുട്ടികളുടെ മാംസമാണ് നിങ്ങൾ ഭക്ഷിച്ചതെന്ന് ഐഎസ് ഭീകരർ പറഞ്ഞെന്നും നിർവികാരതയോടെ ഫൗസിയ പറയുന്നു. കൂടെയുണ്ടായിരുന്ന ഒരു സ്ത്രീ ഈ വിവരം കേട്ടതോടെ ഹൃദയം പൊട്ടിമരിച്ചു.
ഇരുനൂറോളം സ്തീകളുമായി ഒരു ജയിലിലായിരുന്നു ഫൗസിയ. പ്രായപൂർത്തിയായവരെ കാമപൂരണത്തിനായി ഐഎസ് ഭീകരർ ദിവസവും ഇരയാക്കും. പത്തുവയസ്സിലാണ് ഫൗസിയ ബലാത്സംഗം ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ അഞ്ച് പേർക്കാണ് ഫൗസിയ സിഡോ വിൽക്കപ്പെട്ടത്. അബു മൊഹമ്മദ് അൽ ഇദ്നാനി എന്നയാളാണ് തനിക്കൊപ്പം അഞ്ചു പെൺകുട്ടികളെ വാങ്ങിയത്. തുടർന്ന് നിർബന്ധപൂർവം ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ടു. തുടർന്ന് ഒരു സിറിയക്കാരനും പിന്നെ ഒരു സൗദി സ്വദേശിക്കും അതിനു ശേഷം മറ്റൊരു സിറിയക്കാരനും കൈമാറ്റം ചെയ്യപ്പെട്ടു. ഏറ്റവും അവസാനമാണ് ഗാസയിൽ നിന്നുള്ള ഹമാസ് ഭീകരന്റെ പക്കൽ എത്തിപ്പെട്ടത്. ഐഎസ് തകർക്കപ്പെട്ട യുദ്ധത്തിൽ ഹമാസ് ഭീകരൻ ജയിലിലായി. ഇയാളുടെ കുടുംബം ഫൗസിയയെ വ്യാജ പാസ്പോർട്ടുപയോഗിച്ച് ജോർദാനിലേക്കും തുടർന്ന് ഈജിപ്തിലേക്കും അതിനു ശേഷം ഗാസയിലേക്കും എത്തിക്കുകയായിരുന്നു. ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ ഗാസ റെയ്ഡിനിടെയാണ് ഫൗസിയയെ കണ്ടെത്തുന്നതും രക്ഷിക്കുന്നതും.
Discussion about this post