കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കാറ്റുകൊള്ളാൻ എത്തിയവർ വീടുകളിലേക്ക് മടങ്ങിയത് കൈനിറയെ മത്തിയുമായി. അപ്രതീക്ഷിതമായി ബീച്ചുകളിലേക്ക് മത്തികൾ കൂട്ടമായി എത്തിയതോടെയാണ് ആളുകൾ വാരിയെടുത്ത് വീടുകളിലേക്ക് മടങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു മത്തിചാകര ഉണ്ടായത്.
അവധി ദിനമായതിനാൽ രാവിലെ തന്നെ ബീച്ചിലേക്ക് ധാരാളം പേർ എത്തിയിരുന്നു. ബീച്ചിൽ സമയം ചിലവഴിക്കുന്നതിനിടെ ഇവർക്ക് മുൻപിൽ മത്തി കൂട്ടമായി ഒഴുകി എത്തുകയായിരുന്നു. ആവുന്നത്ര എല്ലാവരും കവറുകളിലും കുട്ടിച്ചാക്കുകളിലുമായി മടങ്ങി. സംഭവം അറിഞ്ഞ് പ്രദേശവാസികളും ബീച്ചിലേക്ക് എത്തി. ചെറിയ കുട്ടികൾ ഉൾപ്പെടെയാണ് മത്തിവാരിയെടുക്കാൻ ബീച്ചിൽ എത്തിയത്. വലിയ ചാക്കുകളുമായി എത്തി മത്തി വാരിക്കൂട്ടി പോയവരും ഉണ്ട്.
കോന്നാട് ബീച്ചിലാണ് കൂടുതലായി മത്തി അടിഞ്ഞത്. ഉച്ചയ്ക്ക് 12.30 വരെ മത്തി ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നു. ആളുകളുടെ തിരക്ക് വർദ്ധിച്ചതോടെ സ്ഥലത്തേയ്ക്ക് കോസ്റ്റൽ പോലീസും ലൈഫ് ഗാർഡും എത്തി. ആളുകൾ മത്തിവാരാൻ കടലിലേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് പോലീസ് തടഞ്ഞു. കുട്ടികൾ വെള്ളത്തിലേക്ക് ഇറങ്ങുന്നതും പോലീസ് തടഞ്ഞു.
കേരളത്തിന്റെ വിവിധ തീരങ്ങളിൽ മത്തിയുടെയും അയലയുടെയും ചാകര ഉണ്ടാകാറുണ്ട് എങ്കിലും കോഴിക്കോട് ബീച്ചിൽ വളരെ അപൂർവ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. എന്തിരുന്നാലും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സധാരണയായി സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ചെറുമീനുകൾ കരയ്ക്ക് അടുക്കാറുണ്ടെന്ന് സീ റെസ്‌ക്യൂഗാർഡ് കെ. ഷൈജു പറഞ്ഞു. ഈ സമയങ്ങളിൽ മത്സ്യബന്ധനത്തിന് പോയ വഞ്ചികൾ എക്കോസൗണ്ടർ വിത്ത് ഫിഷ് ഫൈൻഡർ സംവിധാനം ഉപയോഗിച്ച് മത്സ്യങ്ങൾ ഉള്ള ദിശയിലേക്ക് പോകാറുണ്ട്. വഞ്ചികൾ കരയ്ക്ക് അടുക്കുമ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ കരയിലേക്ക് തിരയോടൊപ്പം നീങ്ങാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post