കോഴിക്കോട്: കോന്നാട് തീരത്ത് മത്തികൾ കൂട്ടത്തോടെ കരയ്ക്ക് അടിഞ്ഞതിന്റെ ശാസ്ത്രീയ കാരണം വ്യക്തമാക്കി ബിലോ സീ ലെവൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ. കെ.ജി പദ്മകുമാർ. തെർമോക്ലൈൻ എന്ന പ്രതിഭാസമാണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് കോന്നാട് ബീച്ചിൽ മത്തി കൂട്ടമായി കരയ്ക്ക് എത്തിയത്.
വെള്ളത്തിന്റെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം ആണ് തെർമോക്ലൈൻ പ്രതിഭാസം. വെള്ളം ചൂട് പിടിയ്ക്കുമ്പോൾ അതിന്റെ സാന്ദ്രത വ്യത്യാസപ്പെടും. അങ്ങിനെ വരുമ്പോൾ ചൂട് പിടിയ്ക്കുന്ന കടലിന് മുകളിലെ വെള്ളവും താഴ്ഭാഗത്തെ വെള്ളവും തമ്മിൽ കലരാതെ നടുഭാഗത്ത് ഒരു പാളി ഉണ്ടാകുന്നു. ഇതിനെയാണ് തെർമോക്ലൈൻ പ്രതിഭാസം എന്ന് പറയുന്നത്. ഇങ്ങനെ വരുമ്പോൾ മത്തിയ്ക്ക് അടിത്തട്ടിലേക്ക് ഓക്‌സിജൻ ലഭിക്കാതെ വരും.
പ്രാണവായുവിന് വേണ്ടി ഈ സമയങ്ങളിൽ മത്തിയും മറ്റ് മീനുകളും കടലിന് മുകളിലേക്ക് വരും. കൂട്ടത്തോടെയാണ് മത്തികൾ കാണപ്പെടുക. കൂട്ടത്തോടെ എത്തുന്ന ഇവ തിരമാലയ്‌ക്കൊപ്പം കരയിലേക്ക് എത്തും. കൂട്ടമായി എല്ലാ മീനുകളും മുകളിലേക്ക് എത്തുമ്പോൾ ഇവിടുത്തെ ഓക്‌സിജൻ തികയാതെ വരും. ഇതും മരണകാരണം ആകുന്നുണ്ട്. ഇതിന് പുറമേ ചൂട് കൊണ്ട് വെള്ളത്തിൽ തന്നെ ഇവ ചത്ത് പോകാറുണ്ട്. തിരയിലേക്ക് എത്തുന്ന മീനുകൾ ആകട്ടെ ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്യുന്നു.
അധികം ആഴത്തിൽ ജീവിക്കാത്ത മത്സ്യമാണ് മത്തി. തണുത്ത പ്രദേശങ്ങളിൽ മാത്രമാണ് ഇവയ്ക്ക് നിലനിൽക്കാൻ കഴിയുക. അതുകൊണ്ട് തന്നെ വെള്ളത്തിൽ ചൂട് അനുഭവപ്പെട്ടാൽ ഇവ മറ്റൊരു സ്ഥലത്തേയ്ക്ക് നീങ്ങാറുണ്ട്. കാലാവസ്ഥ മാറ്റം അറിയാൻ മത്തികളുടെ സഞ്ചാര ദിശ പ്രയോജനപ്പെടുത്താറുണ്ട്.
മംഗലാപുരമാണ് മത്തി കൂടുതലായി കാണപ്പെടുന്നത്. ഇവിടെ ചൂട് വർദ്ധിക്കുമ്പോൾ ഈ മീനുകൾ ഗുജറാത്ത് പോലുള്ള വടക്കൻ മേഖലയിലേക്ക് നീങ്ങും. അതേസമയം അയല ആഴക്കടലിൽ വസിക്കുന്നവയാണ്.
Discussion about this post