കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡിവൈഎഫ്‌ഐ മുൻ നേതാവ് സച്ചിത റൈറയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ഡിവൈഎഫ്‌ഐ മുൻ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായ സച്ചിത റൈറ മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂൾ അദ്ധ്യാപികയാണ്. ഇവരെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.
മൂന്ന് കോടി രൂപയെങ്കിലും പലരിൽ നിന്നായി സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാർ ആരോപണം ഉന്നയിക്കുന്നത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് മാനേജർ, കർണാടക എക്‌സൈസിൽ ക്ലർക്ക്, എസ്ബിഐ ബാങ്കിൽ ജോലി, കേന്ദ്രീയ വിദ്യാലയത്തിൽ ജോലി എന്നിങ്ങനെയുള്ള വിവിധ മേഖലകളിലാണ് പ്രതി ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും ഇവർ കൈപ്പറ്റിയിരുന്നത്.
കർണാടക എക്‌സൈസിൽ ജോലി വാഗ്ദാനം ചെയ്ത് ബാഡൂർ സ്വദേശി മലേഷിൽ നിന്നും ഒരു ലക്ഷം രൂപയാണ് സച്ചിത തട്ടിയെടുത്തത്. യുവാവിന്റെ മകന്റെ അദ്ധ്യാപികയായിരുന്നു സച്ചിത. മകന്റെ അദ്ധ്യാപികയാണെന്ന വിശ്വാസത്തിലാണ് പണം കൈമാറിയതെന്ന് ഇയാൾ പറയുന്നു. മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് സച്ചിത കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളിയിരുന്നു. ജാമ്യഹർജി തള്ളിയിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്യാത്തത് സ്വാധീനം ഉള്ളതുകൊണ്ടാണെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
Discussion about this post