മോസ്‌കോ ; റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ന് റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനു മുന്നോടിയായി ഡൽഹിയിൽ നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിക്കുന്നു വിദേശകാര്യ സെക്രട്ടറി.
ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനം കൂടി മോദി ചർച്ച നടത്തുമെന്നാണ് സൂചന. ജൂലൈയിൽ മോസ്‌കോയിൽ പുടിനുമായി നടത്തിയ ചർച്ചയിൽ റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്ന കാര്യം മോദി ശക്തമായി ഉന്നയിച്ചിരുന്നു.
‘ഇപ്പോഴത്തെ വിവരം അനുസരിച്ച്, 85 ഓളം പേർ റഷ്യയിൽ നിന്ന് മടങ്ങിയെത്തി . നിർഭാഗ്യവശാൽ, യുദ്ധത്തിനിടെ ജീവൻ നഷ്ടപ്പെട്ട ആളുകളുടെ മൃതദേഹങ്ങൾ തിരികെ ലഭിച്ചിട്ടുണ്ട് . സേനയിൽ അവശേഷിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുന്നതിനായി ചർച്ച തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഒമ്പത് ഇന്ത്യക്കാർ മരിച്ചു എന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.
റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഈ വർഷം ഏപ്രിലിൽ നിർത്തിവെച്ചതായി ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചിരുന്നു. നിരവധി ഇന്ത്യക്കാരെ ഏജന്റുമാർ തെറ്റിദ്ധരിപ്പിച്ചും വ്യാജ വാഗ്ദാനങ്ങൾ നൽകിയുമാണ് റഷ്യയിൽ എത്തിച്ചതെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു സിബിഐ നടത്തിയ അന്വേഷണത്തിൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തതിൽ പങ്കുള്ള 19 പേർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും ക്രിമിനൽ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post