കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ പെട്രോൾ പമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി പി ദിവ്യയുടെ ബിനാമി ഇടപാട് ആണെന്ന് നവീൻ ബാബുവിന്റെ കുടുംബം. പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത നവീൻ ബാബുവിൻ്റെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ദിവ്യക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെടേണ്ട കാര്യമില്ലാത്ത പെട്രോൾ പമ്പ് വിഷയത്തിൽ പി പി ദിവ്യ നവീൻ ബാബുവിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നതിന് പിന്നിൽ സ്വന്തം സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
ദിവ്യയ്ക്ക് നവീൻ ബാബുവിനോട് ഉണ്ടായിരുന്നത് വ്യക്തിപരമായ ഈഗോ അല്ല. നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് ദിവ്യക്ക് വൈരാഗ്യം വരാൻ കാരണം. പെട്രോൾ പമ്പ് വിഷയത്തിലെ ദിവ്യയുടെ താല്പര്യം എന്താണെന്ന് അന്വേഷിക്കണം.
എഡിഎം നവീൻ ബാബുവിന് താങ്ങാനാവാത്ത പ്രയാസമാണ് ദിവ്യ ഉണ്ടാക്കിയത്. അപമാനിക്കണം എന്ന ഉദ്ദേശത്തോടെ ദിവ്യ ആസൂത്രിതമായി നടത്തിയ നീക്കമാണ് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കോടതിയിൽ എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
എന്തെങ്കിലും നടക്കുമോ എന്നാണ് പെട്രോൾ പമ്പ് വിഷയത്തിൽ ദിവ്യ എഡിഎമ്മിനോട് ചോദിച്ചിരുന്നത്. ഇത് ഇക്കാര്യത്തിൽ ദിവ്യയ്ക്കുള്ള വ്യക്തി താൽപര്യമാണ് കാട്ടുന്നത്. പ്രശാന്തനും ദിവ്യയും ഒരേ കൂട്ടുകെട്ടിന്റെ ഭാഗമാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. പിന്നെ എന്തിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. യാത്രയയപ്പ് പരിപാടിയിൽ ദിവ്യയാണ് മാധ്യമപ്രവർത്തകനെ കൊണ്ടുവന്ന് വീഡിയോ ചിത്രീകരിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിപ്പിച്ചു. എഡിഎം ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ദിവ്യയുടെ ലക്ഷ്യം എന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.
Discussion about this post