പ്രണവ് മോഹൻലാലും സുചിത്ര മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ. പ്രണവിന്റെ ജീവിതരീതിയും സിനിമാ തിരഞ്ഞെടുപ്പുകളും ഇഷ്ടമാണെന്ന് ദുൽഖർ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.
താരപുത്രൻ ആകുന്ന അനുഭവത്തെ കുറിച്ച് പ്രണവ് മോഹൻലാലുമായി സംസാരിക്കാറുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടിയായാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാനും പ്രണവും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. ചെറുപ്പത്തിൽ ഒന്നിച്ചുകൂടുമ്പോൾ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീഡിയോ ഗെയിമും മറ്റും കളിച്ചിട്ടിട്ടുണ്ട്. ഒരുമിച്ചു കൂടുമ്പോൾ ഞാനെപ്പോഴും കുട്ടികൾക്ക് ഒപ്പമാവും. അങ്ങനെ പ്രണവിനൊപ്പം കുറെ സമയം ചിലവഴിക്കും. പിന്നെ, ഞാൻ കോളജിലായി. പ്രണവും പഠനത്തിരക്കിലായി. അതുകൊണ്ട്, മുതിർന്നതിനുശേഷം അങ്ങനെ ഒരുമിച്ചു സമയം ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, പ്രണവിന്റെ ഒരു നല്ല സിനിമ വരുമ്പോൾ സന്തോഷമാണ്.
പ്രണവിന്റെ അമ്മയുമായി വളരെ അടുത്ത ബന്ധമാണ്. ‘പ്രണവിന്റെ സിനിമകൾ വരുമ്പോൾ സുചി ആന്റി എന്നോട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറയും. ആന്റി സോഷ്യൽ മീഡിയയിൽ ഇല്ല, മോൻ ചെയ്യണേ. ഞാൻ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും .ആന്റി അങ്ങനെ ചോദിക്കുമ്പോൾ അതു ചെയ്തു കൊടുക്കാൻ എനിക്ക് വലിയ സന്തോഷമാണ് എന്ന് ദുൽഖർ പറഞ്ഞു.
ഞങ്ങളുടെ ജീവിതങ്ങൾ തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ട്. പ്രണവ് എപ്പോഴും കറക്കത്തിലാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ആ ജീവിതം എനിക്ക് വളരെ ഇഷ്ടമാണ് എന്നും താരം കൂട്ടിച്ചേർത്തു.
സിനിമയും വീടും തമ്മിൽ കൂടി കലർത്താറില്ല. വീട്ടിൽ ആയിരിക്കുന്ന സമയം ഞാൻ ജോലിയെക്കുറിച്ച് ഓർക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല. ആ നിമിഷം ആസ്വദിക്കും. വർത്താമനത്തിന് ഇടയിൽ വിഷയം കയറി വന്നാൽ സംസാരിക്കും അത്രമാത്രം .
Discussion about this post