തിരുവനന്തപുരം: പിപിഡി നേതാവ് അബ്ദുൾ നാസർ മഅദനിയ്‌ക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കേരള മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിലാണ് പിഡിപി നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ. കേരളത്തിൽ മഅ്ദനി സംഘടന വളർത്തിയെന്നും കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളർത്തുന്ന തരത്തിൽ പ്രഭാഷപരമ്പരകൾ സംഘടിപ്പിച്ചെന്നും ജയരാജൻ ആരോപിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെയും മഅ്ദനിയെയും മുൻനിർത്തിയാണ് പി ജയരാജൻ മുസ്ലീം തീവ്രവാദത്തെ കുറിച്ച് പറയുന്നത്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷമാണ് മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅ്ദനിയുടെ സ്വാധീനം ഉയർന്നതെന്ന് അദ്ദേഹം പറയുന്നു.
മഅ്ദനിയുടെ കേരള പര്യടനം മൂലം യുവാക്കൾ തീവ്രവാദപ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടെന്നും അതുകൊണ്ടാണ് മുസ്ലിം തീവ്രവാദപ്രവർത്തനത്തിന്റെ അംബാസിഡറായി ആളുകൾ മഅ്ദനിയെ വിശേഷിപ്പിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഇതിനെതിരെ വിമർശനമുയർന്നുവന്നപ്പോഴാണ് ഐഎസ്എസ് പിരിച്ചുവിട്ട് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) രൂപീകരിച്ചതെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു.
‘അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ മഅ്ദനി ശ്രമിച്ചു. സ്വകാര്യ സായുധ സുരക്ഷാ ഭടൻമാർക്കൊപ്പം നടത്തിയ പര്യടനം മുസ്ലിം യുവാക്കൾക്കിടയിൽ ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള വഴികൾ ആരായുന്നതിലേക്ക് നയിച്ചു. ഇസ്ലാമിക് സേവക് സംഘം(ഐഎസ്എസ്) രൂപീകരിച്ചു. ഐഎസ്എസ് നേതൃത്വത്തിൽ മുസ്ലിം യുവാക്കൾക്ക് ആയുധ ശേഖരവും ആയുധപരിശീലനവും നൽകിയെന്നും പി ജയരാജൻ പറയുന്നു.
മുസ്ലീം തീവ്രവാദത്തിന്റെ അംബാസഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചിരുന്നുവെന്നും ഒട്ടേറെ അക്രമ സംഭവങ്ങളിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ സ്വദേശി തടിയന്റവിട നസീർ മഅ്ദനിയുടെ അതിവൈകാരിക പ്രഭാഷണങ്ങളിൽ ആകൃഷ്ടനായെന്നും പി ജയരാജൻ പുസ്തകത്തിൽ പറയുന്നുണ്ട്.
Discussion about this post