വീട്ടിലൊരു കാർ ഏതൊരു സാധാരണക്കാരന്റയും സ്വപ്‌നമായിരിക്കും അല്ലേ…നല്ല സൗകര്യങ്ങളുള്ള കാറിന് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടി വരുന്നതിനാൽ പല സാധാരണക്കാരുടെയും വീട്ടിലെ ആദ്യത്തെ കാർ ഒരു സെക്കൻഡ് ഹാൻഡ് വാഹനം ആയിരിക്കും.
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ പലപ്പോഴും ചീപ്പ് റേറ്റിൽ വാഹനങ്ങൾ ചിലർ വിൽക്കാൻ തയ്യാറായി വരുന്നത് കണ്ടിട്ടുണ്ടാവും. പണത്തിന് അത്യാവശ്യമായതിനാൽ വിറ്റൊഴിവാക്കുകയാണെന്ന് പറഞ്ഞാലും നമുക്ക് സംശയമുണ്ടാകും. ഈ കാറുകൾ ഇനി വെള്ളപ്പൊക്കമോ പ്രളയമോ ബാധിച്ചത് ആണെങ്കിലോ? അത് പിന്നീട് നമ്മുടെ പണം നഷ്ടപ്പെട്ടതിന്റെ കുറ്റബോധം ഉണ്ടാക്കുന്നു.
ആദ്യം തന്നെ വാഹനത്തിന്റെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) എപ്പോഴും പരിശോധിക്കുന്നത് നല്ലതാണ്. കാറിന്റെ ആക്സിഡന്റ് അല്ലെങ്കിൽ റിപ്പയർ വർക്ക് ഹിസ്റ്ററിയടക്കം പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ VIN-ന് സഹായിക്കും. വെള്ളപ്പൊക്കം ബാധിച്ച കാറുകളുടെ കാര്യത്തിൽ മഴയിൽ കാർ കേടായതാണോ എന്നും അത് നന്നാക്കിയിട്ടുണ്ടോ എന്നും തിരിച്ചറിയാൻ VIN സഹായിക്കും.
ഫാബ്രിക് സീറ്റുകളിൽ ശക്തമായി അമർത്തുകയും ബൂട്ട് കാർപെറ്റുകൾ പരിശോധിക്കുകയും ചെയ്യുക. ഏന്തെങ്കിലും ദുർഗന്ധം വമിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വാഹനത്തിനുള്ളിൽ അൽപനേരം ഇരിക്കുക. വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച കാറുകൾക്ക് സാധാരണയായി അപ്ഹോൾസ്റ്ററിയിൽ ഈർപ്പത്തിന്റെയോ നനവിന്റെയോ അടയാളങ്ങൾ കാണാം.
ചെറിയ രീതിയിൽ ജലസമ്പർക്കം ഉണ്ടായാലും തുരുമ്പെടുക്കുന്നത് പ്രതിരോധിക്കുന്ന തരത്തിലാണ് കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എങ്കിലും വെള്ളപ്പൊക്കം ബാധിച്ച കാറിന്റെ എഞ്ചിൻ ബേയ്ക്ക് ചുറ്റുമുള്ള നട്ടുകൾ, ബോൾട്ടുകൾ, ഹിംഗുകൾ എന്നിവ തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ടാകും. ഡോർ പാനലുകളുടെ അറ്റങ്ങളും അകത്തും തുരുമ്പിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.
കാറിന്റെ ഇലക്ട്രിക്കൽ പെരിഫറലുകൾ ഓണാക്കിയ ശേഷം റെസല്യൂഷനായി ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പരിശോധിക്കുക. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ എല്ലാം പ്രവർത്തിക്കുന്നുണ്ടോയെന്നും എന്തെങ്കിലും വാണിങ് ലൈറ്റുകൾ ഓണാണോ എന്നും നോക്കുക. അസാധാരണമായ എന്തെങ്കിലും ശബ്ദം പുറപ്പെടുവിക്കുന്നുണ്ടോ അല്ലെങ്കിൽ വാഹനത്തെ അധിക ലോഡിന് കീഴിലാക്കുന്നുണ്ടോ എന്നറിയാൻ എസി ഓണാക്കുക.
Discussion about this post