ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആളുകളുടെ മനസിൽ ഇടംനേടിയ ഇന്നസെന്റ് നമ്മളെ വിട്ട് പോയിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ സ്വന്തം ഇന്നച്ചൻ ഏവരുടെയും മനസിൽ ജീവിച്ചിരിപ്പുണ്ട്. ഭാര്യ ആലീസിനെ കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട്. 1976ലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്നസെന്റ് മരിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും അദ്ദേഹം കൂടെയില്ലെന്ന യാഥാർത്ഥ്യത്തോട് ഇതുവരെയും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ആലീസ് പറയുന്നു.
ഇന്നസെന്റ് ഇല്ലാത്ത ഒന്നര വർഷം ഒന്നര യുഗമായിട്ടാണ് തങ്ങൾക്ക് തോന്നുന്നത്. ചില സമയത്ത് അദ്ദേഹം കസേരയിൽ ഇരിക്കുന്നതായും വിളിക്കുന്നതായും ഒക്കെ തോന്നും. ആ വിളി താൻ ഇടക്ക് കേൾക്കാറുണ്ട്. ഇന്നസെന്റ് പോയതിന് ശേഷം അദ്ദേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും ആലീസ് വ്യക്തമാക്കി.
അദ്ദേഹം മരിച്ചതിന് ശേഷം കറേ നാൾ കറുപ്പ് വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്. പട്ടുസാരികളൊക്കെ ബന്ധുക്കൾ വരുമ്പോൾ അവർക്ക് കൊടുക്കും. പിന്നെ കുട്ടികൾ വഴക്കു പറഞ്ഞു തുടങ്ങി. അപ്പോഴാണ് ഇതിൽ ഒരു മാറ്റം വരുത്തി തുടങ്ങിയത്. ഇന്നസെന്റിന്റെ മരണശേഷം തന്റെയൊപ്പം കിടക്കാൻ പേരക്കുട്ടികൾ മത്സരമാണ്. അമ്മമ്മ പാവമാ, അമ്മാമ്മയെ വിഷമിപ്പിക്കരുതെന്ന് അവസാന കാലത്ത് അപ്പാപ്പൻ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അവർ അപ്പോൾ മറുപടി പറയുമെന്നും ആലീസ് കൂട്ടിച്ചേർത്തു.
Discussion about this post