കൊല്ലം: ആവശ്യപ്പെട്ട സ്ഥലത്തേക്ക് പോകാതെ മറ്റൊരു വഴിയിലൂടെ പോയ ഓട്ടോറിക്ഷയിൽ നിന്നും ചാടിയ പെൺകുട്ടിക്ക് സാരമായി പരിക്കേറ്റു. പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കൊല്ലം കാരിക്കോട് സ്വദേശി നവാസിനെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12.30-ന് ചെമ്മാൻമുക്കിലാണ് സംഭവം.ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെൺകുട്ടികളാണ് ഓട്ടോ സവാരിക്ക് വിളിച്ചത്. പ്രധാന പാതയിലൂടെ വരികയായിരുന്ന ഓട്ടോയാണ് കുട്ടികൾ വിളിച്ചത്.
ഓട്ടോ റിക്ഷ കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷം നവാസ് വേഗത പെട്ടെന്ന് കൂട്ടുകയായിരുന്നു. അപ്രതീക്ഷിതമായി ഇയാൾ റോഡിനോട് ചേർന്നുള്ള ഒരു ഇടവഴിയിലേക്ക് വാഹനം അമിതവേഗത്തിൽ ഓടിച്ച് കയറ്റിയതോടെ കുട്ടികൾ ഭയന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതി പിന്നെയും വേഗത കൂട്ടുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന കുട്ടികൾ ഭയപ്പെടുകയും നിർത്തില്ലെന്ന് മനസ്സിലായപ്പോൾ ഒരാൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു.ഒരാൾ വാഹനത്തിൽ നിന്ന് പുറത്ത് കടന്നുവെന്ന് മനസ്സിലായിട്ടും നവാസ് വാഹനം നിർത്താതെ പിന്നെയും മുന്നോട്ട് പോയി. എന്നാൽ അൽപ്പദൂരം പിന്നിട്ടപ്പോൾ ഓട്ടോ റിക്ഷ നിർത്തുകയും രണ്ടാമത്തെ കുട്ടിയെ വഴിയിൽ ഇറക്കി വിടുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തി വരികയാണ്. തട്ടിക്കൊണ്ട് പോകൽ തന്നെയാണ് പ്രതി ഉദ്ദേശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഈസ്റ്റ് സ്റ്റേഷനിൽ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി,ഇയാളെ പരിസരപ്രദേശത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു.
Discussion about this post