ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലം ഉണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ചൊവ്വയുടെ അന്തീക്ഷത്തിൽ കണ്ടെത്തിയിട്ടുള്ള നീരാവിയുടെയും ജലാംശവുമെല്ലാം എപ്പോഴെങ്കിലും ഈ ഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാകും എന്ന നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ എത്തിച്ചിട്ടുണ്ട്. എന്നാൽ, തണുത്തുറഞ്ഞ അവസ്ഥയിലുള്ള ജലം മാത്രമല്ല, ചൊവ്വയുടെ പുറംതോടിലെ പാറക്കെട്ടുകൾക്കുള്ളിൽ ദ്രാവകജലം സ്ഥിതിചെയ്യുന്നുണ്ടെന്നാണ് പഠനം പറയുന്നത്.
ഭൂകമ്പ തരംഗങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പഠനത്തിലാണ് ഈ നിർണായക കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്. ചൊവ്വയുടെ പുറംതോടിൽ നിന്നും ആറ് മുതൽ 12 മൈൽ വരെ അതായത് 10 മുതൽ 20 കിലോമീറ്റർ വരെ ആഴത്തിലുള്ള ജലസംഭരണികൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയിൽ സമുദ്രങ്ങളും തടാകങ്ങളും പോലെയുള്ള ദ്രാവക ജലാശയങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഈ ജലസാന്നിധ്യം സൂചിപ്പിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് ചൊവ്വയിൽ ജീവന്റെ വകാസത്തിന് അനുകൂലമായ അന്തരീക്ഷം നൽകിയേക്കാമെന്നുമാണ് ശാസ്ത്രലോകം കരുതുന്നത്. പണ്ട് ദ്രാവകജലം ഉണ്ടായിരുന്നുവെങ്കിൽ ചൊവ്വയിൽ സൂക്ഷ്മജീവൻ ഉണ്ടായിരുന്നിരിക്കാം. ജീവന്റെ തെളിവുകൾ ചൊവ്വാഗ്രഹത്തിൽ കണ്ടെത്താനുള്ള സാധ്യതയാണ് ഇത് വർദ്ധിപ്പിക്കുന്നത്.
ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ദൗത്യങ്ങൾക്ക് ഇപ്പോൾ കണ്ടെത്തിയ ജലസംഭരണികൾ മൂല്യവത്തായ കുടിവെള്ള സ്രോതസാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. കണ്ടെത്തുന്ന ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിച്ച് ഇത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാമെന്ന് പഠനം പറയുന്നു. ഇതോടെ , ഭൂമിയിൽ നിന്നും കൊണ്ടുപോവേണ്ട ഇന്ധനത്തിന്റെ അളവ് കുറയുകയും ഭാവിയില ചൊവ്വാദൗത്യങ്ങൾ കൂടുതൽ പ്രായോഗികമാകുകയും ചെയ്യും.
ചൊവ്വയെ കുറിച്ചുള്ള ഈ കണ്ടെത്തൽ ശാസ്ത്ര ലോകത്ത് നിർണായകമായ ചുവടുവെയ്പ്പായിരിക്കും. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ കണ്ടെത്തൽ ഒരു നാഴികക്കല്ലായി മാറിയേക്കും.
Discussion about this post