കണ്ണൂർ : പിപി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്റെ ഭാര്യ. വിധിയിൽ സന്തോഷമില്ല. പക്ഷേ ആശ്വാസമാണ് ഉള്ളത് എന്ന് മഞ്ജുഷ പറഞ്ഞു.
പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കവുമുണ്ടായിട്ടില്ല. അവരെ കേസിൽ അറസ്റ്റ് ചെയ്യണം. അറസ്റ്റ് ചെയ്യാതെ പോലീസ് നടപടിക്കെതിരെയും കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും മഞ്ജുഷ വിമർശനം ഉന്നയിച്ചു.
ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. പോലീസ് നടപടി സ്വീകരിക്കണം. പോലീസ് തീർച്ചയായും നടപടി സ്വീകരിക്കണമെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.
എന്റെ ഭർത്താവ് ആയത് കൊണ്ട് പറയുന്നതല്ല. റവന്യു വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ആളാണ് നവീൻ ബാബു. താനിപ്പോൾ കോന്നി തഹസിൽദാറായി ഇരിക്കുന്നു. ഓരോ ദിവസവും അദ്ദേഹത്തെ വിളിച്ച് സംശയങ്ങൾ ദൂരീകരിക്കാറുണ്ട്. ഏത് മേലുദ്യോഗസ്ഥർക്കും അദ്ദേഹത്തെക്കുറിച്ച് അറിയാം. ദിവ്യ ഐഎഎസും പിബി നൂഹ് ഐഎസും ഉൾപ്പെടെ അതുകൊണ്ടാല്ലോ അത്തരത്തിൽ അനുഭവം പറഞ്ഞത്. ഫയലെല്ലാം കൃത്യമായി നോക്കി നൽകുന്നയാളാണ്. പമ്പിൻറെ എൻഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.
മരിക്കുന്ന ദിവസം അദ്ദേഹം മാനസികമായി ബുദ്ധിമുട്ടിയാണ് തന്നോട് സംസാരിച്ചത്. ആ ഫയലിനെ കുറിച്ച് സംസാരിച്ചത് എന്നും മഞ്ജുഷ വ്യക്തമാക്കി. നവീൻ ബാബു മരിച്ചിട്ട് രണ്ടാഴ്ചക്കുശേഷമാണ് ആദ്യമായി മഞ്ജുഷ തൻറെ നിലപാട് വ്യക്തമാക്കുന്നത്.
Discussion about this post