മനുഷ്യന് തന്റെ ജീവിതത്തിൽ അത്യാവശ്യമായ ഒന്നാണ് ഭക്ഷണം. അതിന്റെ രുചിയും മണവും നിറവും എരിവും പുളിയും മധുരവുമെല്ലാം നോക്കിയാണ് ആളുകൾ പലരും കഴിക്കുന്നത്. എന്നാൽ ചിലർ ആകട്ടെ എത്ര കാലറി ഉണ്ടെന്ന് നോക്കിയാണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത് പോലും. ആരോഗ്യത്തോടെയിരിക്കാൻ ഒരുമനുഷ്യന് ഒരു അളവിൽ കാലറി മതി എന്നത് തന്നെ ഇതിന് കാരണം.
ആരോഗ്യത്തോടെ ഇരിക്കാനും അമിതവണ്ണമില്ലാതെ ശരീരം സൂക്ഷിക്കാനും ഇഷ്ടപ്പെടുന്നവർ അൽപ്പസ്വൽപ്പം കലോറി അളവുകൾ അറിഞ്ഞിരിക്കുന്നതിൽ തെറ്റില്ല. ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമുള്ള ഊർജ്ജത്തെയാണ് ഒരു കാലറി എന്ന് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ യൂണിറ്റുകളാണ് കാലറികൾ. ശരീരത്തിലെ കോശങ്ങളും കോശസംയുക്തങ്ങളും അവയവങ്ങളും പ്രവർത്തിക്കാനായി ഈ ഊർജ്ജം ആവശ്യമാണ്. ഭക്ഷണത്തെ സംബന്ധിച്ച് പക്ഷേ പലരും കാലറിയെന്ന് പറഞ്ഞാലും ഉദ്ദേശിക്കുന്നത് കിലോകാലറിയാണ്. അതായത് 1000 കാലറി.ഒരു ഗ്രാം കാർബോഹൈഡ്രേറ്റ്സിലും ഒരു ഗ്രാം പ്രോട്ടീനിലും നാല് കിലോ കാലറി അടങ്ങിയിരിക്കുന്നു. ഒരു ഗ്രാം കൊഴുപ്പിലാകട്ടെ 9 കിലോ കാലറിയുണ്ട്. ഒരു വ്യക്തിക്ക് ഒരു ദിവസം എത്ര കിലോ കാലറി ആവശ്യമുണ്ടെന്നത് ആളുടെ ജീവിതചര്യയയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഒരു വാഹനം ഓടാൻ എത്ര ഡീസൽ വേണമെന്ന് നിശ്ചയിക്കുന്നത് പോലെയാണ് ശരീരം പ്രവർത്തിക്കാൻ കാലറിയെന്ന ഇന്ധനം ആവശ്യമായി വരുന്നത്.
ശരീരത്തിലെ വലിയപേശികളുടെ ആവർത്തിച്ചുള്ള പ്രവർത്തനം ആവശ്യമായ നടക്കുക, ഓടുക, ചാടുക നീന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കൂടുതൽ കാലറി വേണം. കേരളത്തിലെ ഒരു ശരാശരി പുരുഷന് 1800 – 2000 കാലറിയും സ്ത്രീകൾക്ക് 1800 കാലറിയും ദിവസേന ആവശ്യമായിട്ടുണ്ട്. അദ്ധ്വാനം വരുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് ഇതിലും അൽപം കൂടുതൽ വേണം. ഒരാളുടെ ഉയരം, ശരീരഭാരം, ആകൃതി, ആരോഗ്യം എന്നിങ്ങനെയുള്ള ഘടകങ്ങളും നിർണ്ണായകമാകും.
ഒരു പുരുഷന് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 32 കിലോകാലറി വച്ച് ഊർജ്ജം പ്രതിദിനം വേണം അതായത് 65 കിലോയുള്ള ഒരാൾക്ക് ആവശ്യമായത് ദിവസം 2080 കിലോകാലറി. സ്ത്രീകൾക്ക് ആകട്ടെ ഇത് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 30 കിലോകാലറി എന്ന അളവിൽ വേണം. ആറ് മാസം വരെയുള്ള നവജാത ശിശുക്കൾക്ക് ഒരു ദിവസം വേണ്ടത് ഒരു കിലോഗ്രാം ശരീരഭാരത്തിന് 90 കിലോ കാലറിയാണ്. ഏഴ് മാസം മുതൽ ഒരു വയസ്സ് വരെയുള്ള കുട്ടിക്ക് ഇത് 80 കിലോ കാലറിയും ഒരു വയസ്സ് മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടിക്ക് ഇത് 83 കിലോ കാലറിയും നാല് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടിക്ക് ഇത് 74 കിലോകാലറിയും ഏഴ് മുതൽ ഒൻപത് വയസ്സ് വരെയുള്ള കുട്ടിക്ക് ഇത് 67 കിലോകാലറി വീതവുമാണ്. 10 മുതൽ 12 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 64 കിലോ കാലറി ഊർജ്ജം ആവശ്യമാണെങ്കിൽ ഇതേ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഇത് 57 കിലോ കാലറിയാണ്. 13 മുതൽ 15 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് യഥാക്രമം 57 കിലോ കാലറിയും 49 കിലോ കാലറിയുമാണ്. 16 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ കിലോ കാലറി ഒരു കിലോഗ്രാമിന് യഥാക്രമം 52 ഉം 45 ഉം ആണ്.
പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കാലറി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു. ഈ കാലറി കൊഴുപ്പിന്റെ രൂപത്തിൽ ശരീരത്തിൽ സൂക്ഷിക്കപ്പെടുന്നു. ഇത് അമിതവണ്ണത്തിനും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾക്കും കാരണമാവുന്നു.നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അത് ദഹിപ്പിക്കാൻ ശരീരം ഊർജം ഉപയോഗിക്കും. ഉദാഹരണത്തിന് നിങ്ങൾ കഴിച്ച 40 കലോറിയുള്ള ആഹാരം ദഹിപ്പിക്കാൻ ശരീരം 40 കാലറി ഉപയോഗിക്കുകയാണെങ്കിൽ ആ ആഹാരത്തെ സിറോ കാലറി ഫുഡ് എന്നാണു വിളിക്കുന്നത്. ആപ്പിൾ,ബീറ്റ്‌റൂട്ട്,വാർട്ടർമെലൺ,മസ്‌ക്‌മെലൺ തണ്ണിമത്തൻ,കാരറ്റ്,തക്കാളി എന്നിവയെല്ലാം സീറോ കാലറി ഭക്ഷണപഥാർത്ഥങ്ങളാണ്.
Discussion about this post