കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ട് ചുട്ട് പഴുത്തുകൊണ്ടിരിക്കുന്ന ഭൂമിയെ തണുപ്പിക്കാൻ വജ്രപ്പൊടികൾ വിതറിയാൽ മതിയെന്ന് അടുത്തിടെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. സൂര്യനിൽ നിന്നുമുള്ള വികിരണങ്ങളെ പരമാവധി ചിതറിച്ച് ബഹിരാകാശത്തേക്ക് തന്നെ തിരിച്ച് അയക്കുകയാണ് വജ്രപ്പൊടി ചെയ്യുന്നത്. ഇങ്ങനെ ഭൂമിയെ പരമാവധി തണുപ്പിക്കാനാവുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പഠനങ്ങൾ പറയുന്നു.
ഭൂമിയെ തണുപ്പിക്കാനായി ബഹിരാകാശ കണ്ണാടികൾ വക്കുന്നത് പോലെയുള്ള ആശയങ്ങളും പഠനം മുന്നോട്ട് വക്കുന്നുണ്ട്. എന്നാൽ, ഇത്തരം ആശയങ്ങളെല്ലാം അത്യന്തം സങ്കീർണമായതു കൊണ്ട് തന്നെ ഇതെല്ലാം പ്രവർത്തികമാകുമോ എന്ന ആശങ്കയും ശാസ്ത്രലോകം മുന്നോട്ട് വയ്ക്കുന്നു. ഭൂമിയുടെ താപനില ഓരോ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത്തരത്തിൽ അനുദിനം ചൂട് അനിയന്ത്രിമായി ഉയർന്നാൽ, ഒരു കാലത്ത് ഭൂമിയിൽ ഉണ്ടായിരുന്ന ദിനോസറുകൾ അപ്രത്യക്ഷമായതുപോലെ തന്നെ സമുദ്രജീവികളും ഇല്ലാതാകുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. 2100 ഓടെ സമുദ്രത്തിലെ ജീവികളുടെ കൂട്ടത്തോടെയുള്ള വംശനാശത്തിന് ഭൂമി സാക്ഷിയാകേണ്ടി വരും. 78 വർഷത്തിനുള്ളിൽ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തുമെന്ന താക്കീതുമായി അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ ശാസ്ത്രജ്ഞർ നേരത്തെ രംഗത്ത് വന്നിരുന്നു.
ഗ്രേറ്റ് ഡയിംഗ് എന്ന് വിളിക്കുന്ന സമുദ്രജീവികളുടെ ഈ കൂട്ടമരണം ആഗോളതാപനവും സമുദ്രത്തിലെ ഓക്‌സിജന്റെ കുറവും മൂലമാണ് സംഭവിക്കുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 25 കോടി വർഷങ്ങൾക്ക് മുമ്പും ഇത്തരമൊരു സംഭവം ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. അന്ന് സമുദ്രത്തിലെ 95 ശതമാനം ജീവികളും ഇല്ലാതായി. ഭൂമിയിലെ മൊത്തം ജീവജാലങ്ങളിൽ 90 ശതമാനവും അന്ന് ഇല്ലാതായി. അന്നത്തെ സംഭവത്തിന് ശേഷം ബാക്കിയുണ്ടായിരുന്ന പത്ത് ശതമാനം ജീവികളിൽ നിന്നാണ് ഈ ഭൂമിയിൽ കാണുന്ന ജീവജാലങ്ങളുണ്ടായതെന്നാണ് കണ്ടെത്തൽ.
പെർമിയൻ ട്രയാസിക് ഇവന്റ് എന്ന് കൂടി അറിയപ്പെടുന്ന ഈ സംഭവത്തിൽ പുതിയ വേർഷനായിരിക്കും 2100ൽ സംഭവിക്കുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 6.6 കോടി വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായ എൻഡ് ക്രെറ്റേഷ്യസ് മാസ് എക്‌സ്റ്റിങ്ഷൻ ഇവന്റുമായും ഇതിനെ താരതമ്യപ്പെടുത്താം.
ഭൂമിയിൽ ഇതുവരെ അഞ്ച് കൂട്ടവംശനാശങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഈ അഞ്ച് തവണയും പ്രകൃതിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു കുട്ടനാശങ്ങൾ സംഭവിച്ചിട്ടുള്ളത്. എന്നാൽ, ആറാമത്തെ തവണ നടക്കാൻ പോവുന്ന കൂട്ടനാശം പൂർണമായും ഭൂമിയിലുള്ള മനുഷ്യന്റെ കൈകടത്തൽ മൂലമായിരിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post