ഹൈദരാബാദ്: സംസ്ഥാനത്ത് മയോണൈസിന് നിരോധനം ഏർപ്പെടുത്തി തെലുങ്കാന സർക്കാർ. മയോണൈസിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവം വർദ്ധിച്ചതോടെയാണ് സർക്കാർ നടപടി. ഒരു വർഷത്തേയ്ക്കാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് തെലങ്കാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉത്തരവും പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം മോമോസിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ യുവതി മരിച്ചിരുന്നു. ഇതാണ് മയോണൈസ് നിരോധനത്തിലേക്ക് വഴിവച്ചത്. പച്ചമുട്ട ഉപയോഗിച്ച് നിർമ്മിയ്ക്കുന്ന മയോണൈസിനാണ് നിരോധനം ഉള്ളത്. ബുധനാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതായി കമ്മീഷണറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും മയോണൈസിന്റെ നിർമ്മാണം സുരക്ഷിതമാക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ തീരുമാനം എന്നാണ് അധികൃതർ അറിയിക്കുന്നത്.
അടുത്തിടെയായി ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. പച്ചമുട്ട ഉപയോഗിച്ച് നിർമ്മിക്കുന്ന മയോണൈസ് ആണ് ഇതിന് കാരണം ആകുന്നത് എന്നാണ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ മയോണൈസ് നിർമ്മിയ്ക്കുന്നതിനും സൂക്ഷിക്കുന്നതിനും ഒരു വർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തുകയാണെന്നും ഉത്തരവിൽ പറയുന്നു.
Discussion about this post