എറണാകുളം: യാത്രയ്ക്കിടെ ബസിൽ നിന്നും അതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി നടി അനുമോൾ. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ വേളയിൽ ആയിരുന്നു സംഭവം. ഉപദ്രവിക്കാൻ ശ്രമിച്ചയാളുടെ കരണം അടിച്ച് പുകച്ചുവെന്നും അനുമോൾ പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
ചെറുപ്പത്തിൽ തൊട്ടാവാടി കുട്ടിയായിരുന്നു ഞാൻ. എന്നാൽ വളർന്നപ്പോൾ അത് മാറി. അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നതോടെ വലിയ ധൈര്യവുമായി. ലൊക്കേഷനുകളിലേക്കും പരിപാടികൾക്കുമെല്ലാം ഒറ്റയ്ക്കാണ് പോകാറുള്ളത്. ഇങ്ങനെ തിരുവനന്തപുരത്ത് നിന്നും ഒറ്റയ്ക്ക് കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു ബസിൽ വച്ച് അതിക്രമം നേരിടേണ്ടിവന്നത്.
രാത്രി ഉറങ്ങുകയായിരുന്നു. ഇതിനിടെ ആരോ ശരീരത്തിൽ തൊടുന്നത് പോലെ തോന്നി. നല്ല ഉറക്കത്തിൽ ആയതിനാൽ തോന്നിയതാണെന്ന് ആയിരുന്നു ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് തന്റെ അടുത്തിരുന്ന ആൾ ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്ന് വ്യക്തമായത്.
പിന്നെ ഒട്ടും താമസിച്ചില്ല. എഴുന്നേറ്റ് കരണം നോക്കി ഒരടിയങ്ങ് പൊട്ടിച്ചു. ബസിലെ കണ്ടക്ടർ അത് വിട്ടുകളയൂ എന്ന രീതിയിൽ ആണ് സംസാരിച്ചത്. എന്നാൽ ഞാനതിന് വഴങ്ങിയില്ല. അയാളെ ബസിൽ നിന്നും ഇറക്കിവിടാൻ ആവശ്യപ്പെട്ടു. അയാളെ ഇറക്കിവിട്ട ശേഷമാണ് ബസ് മുന്നോട്ട് പോയത് എന്നും അനുമോൾ പറഞ്ഞു.
ഞാൻ നന്നായി പ്രതികരിക്കും. അങ്ങിനെ ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അനുമോൾ വ്യക്തമാക്കി.
Discussion about this post