ഇടുക്കി; സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില കുത്തനെ ഉയരുന്നു. 145 രൂപയിൽ അധികമാണ് ഇറച്ചിക്കോഴിയ്ക്ക് കിലോയ്ക്ക് വില. ഒരുമാസം മുൻപ് കിലോയ്ക്കു 105 രൂപയായിരുന്നു. നിയന്ത്രണമില്ലാതെ വില വർധിക്കുന്നതിനെതിരെ പ്രതിഷേധത്തിലാണ് ഹോട്ടലുടമകളക്കമുള്ളവർ.
ആദ്യകാലങ്ങളിൽ മാസത്തിൽ ഒരു തവണമാത്രമായിരുന്നു വിലവർദ്ധനവെങ്കിൽ ഇപ്പോൾ ആഴ്ചതോറും വില വർദ്ധിപ്പിക്കുന്നതായി ആരോപണമുണ്ട്. പല കോഴിക്കടകളിലും വിലപ്രദർശനബോർഡ് ഇല്ലെന്ന പരാതിയും ശക്തമാണ്. ഉപഭോക്താക്കൾ കോഴി വാങ്ങാനെത്തുമ്പോഴാണ് വില വർദ്ധിക്കുന്നത് അറിയുന്നത് പോലും. ഒരു മാനദണ്ഡവുമില്ലാതെയാണ് വില വർധിപ്പിക്കുന്നതെന്നാണ് പരാതി. ഇറച്ചിക്കോഴികളുടെ തീറ്റയ്ക്കുള്ള വിലവർധനവും ചൂട് കൂടുന്ന സമയങ്ങളിൽ കോഴി ചാവുന്നതുമാണ് വില വർദ്ധനവിന് കാരണമെന്നാണ് പറയുന്നത്.
ഇറച്ചിക്കോഴി വില വർദ്ധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ഹോട്ടലുകളാണ് ചിക്കന് വിലകൂടിയതോടെ ചിക്കൻ വിഭവങ്ങളുടെ വിലയും കുത്തനെ ഉയരാനുള്ള സാധ്യതയുണ്ട്. മറ്റ് പലചരക്ക് സാധനങ്ങളുടെ വിലവർദ്ധനവ് കൂടി പരിഗണിച്ച് ഇറച്ചിവിഭവങ്ങൾക്ക് വിലകൂട്ടുമെന്നാണ് വിവരം. ഇതോടെ ഹോട്ടലുകളിലെത്തിയാൽ ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്യാൻ സാധാരണക്കാർ ഒന്ന് മടിക്കും.
Discussion about this post