തൃശ്ശൂർ: ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ ഇഖ്ബാലിനെയും പ്രതിചേർത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു നഗരമദ്ധ്യത്തിൽവച്ച് യൂത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. ചെറുതുരുത്തിയിലെ വികസന മുരടിപ്പിനെതിരെ തലകുത്തി നിന്ന് പ്രതിഷേധിക്കുന്നതിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഷാദ് തലശ്ശേരിയും ബന്ധുവും എത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞ സിപിഎം പ്രവർത്തകർ പ്രതിഷേധ ബാനറുകൾ സ്ഥാപിക്കുകയായിരുന്ന ഇവരെ മർദ്ദിച്ചു. ഇതോടെയായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
ഇതിന് പിന്നാലെ തങ്ങളെ മർദ്ദിച്ചത് കോൺഗ്രസുകാരാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകരും രംഗത്ത് എത്തി. ഇതോടെ പ്രദേശത്ത് സംഘർഷ സമാനമായ സാഹചര്യം ഉടലെടുക്കുകയായിരുന്നു. ഇഖ്ബാലിനെ സിപിഎം പ്രവർത്തകർ ആക്രമിക്കുമ്പോൾ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നു. എന്നാൽ സംഘർഷം തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. സിപിഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷം എന്ന നിലയ്ക്കാണ് പോലീസിന്റെ എഫ്‌ഐആർ.
Discussion about this post