എറണാകുളം: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ദീർഘനാളായി സിനിമയിൽ ഉണ്ടെങ്കിലും അടുത്തിടെയാണ് താരം മുൻനിര നടിമാരുടെ പട്ടികയിലേക്ക് കടന്നുവന്നത്. ഇതിന് ശേഷം താരത്തിന്റെ വിശേഷങ്ങൾ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. നടിയുടെ വിവാഹ മോചനത്തിന്റെ വിവരം ഉൾപ്പെടെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു സുപ്രധാന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സ്വകാര്യമാദ്ധ്യമത്തോട് ആയിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചാണ് നടിയുടെ തുറന്നുപറച്ചിൽ. ട്രെയിനിന് മുൻപിൽ ചാടി മരിയ്ക്കാൻ ശ്രമിച്ചെന്നാണ് മഞ്ജു പിള്ള പറയുന്നത്. വർഷങ്ങൾക്ക് മുൻപ് യൗവ്വനകാലത്ത് ആയിരുന്നു സംഭവം. ഒരിക്കൽ ഒരു ട്രെയിൻ ക്രോസ് ചെയ്യുന്ന സമയത്ത് അതിന് മുൻപിലേക്ക് ചാടാൻ ശ്രമിച്ചു. എന്നാൽ അമ്മ രക്ഷിക്കുകയായിരുന്നു. എന്നാൽ ഞാനത് പിന്നെയും ചെയ്യുമോയെന്ന് അമ്മയ്ക്ക് സംശയം ഉണ്ടായിരുന്നു.
ഒരിക്കൽ നിർത്തിയിട്ട ട്രെയിനിന് മുൻപിലേക്ക് അമ്മ എന്നെയും കൂട്ടി പോയി നിന്നു. എന്നിട്ട് നമുക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. ഞാൻ അമ്പരന്ന് അമ്മയെ നോക്കി. മരിക്കാൻ എളുപ്പമാണ്, ജീവിക്കാനാണ് പ്രയാസം എന്ന് അമ്മ പറഞ്ഞു. അപ്പോഴാണ് ഞാൻ എന്ത് വലിയ പൊട്ടത്തരം ആണ് ചെയ്യാൻ ശ്രമിച്ചത് എന്ന് വ്യക്തമായത്. അതിന് ശേഷം ഒരിക്കലും ആത്മഹത്യ എന്ന ചിന്ത ഉള്ളിലേക്ക് കടന്നുവന്നിട്ടില്ല.
അമ്മ പറഞ്ഞ ആ വാക്കുകൾ നെഞ്ചോട് ചേർത്ത് ആയിരുന്നു പിന്നീടുള്ള ജീവിതം. അമ്മമാർക്ക് മാത്രമേ നമ്മെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അത് ഒരു അമ്മ ആയ ശേഷമാണ് തനിക്ക് മനസിലാകുന്നത്. എന്റെ മകൾക്ക് ഒരു വിഷമം വന്നാൽ എനിക്ക് പെട്ടെന്ന് മനസിലാകും. അവളുടെ മുഖം ഒന്ന് മാറിയാൽ മനസിൽ എന്താണെന്ന് ഇന്ന് എനിക്ക് കണ്ടെത്താൻ കഴിയുമെന്നും മഞ്ജു പിള്ള വ്യക്തമാക്കുന്നു.
Discussion about this post