തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയുടെ ടൈംടേബിളുമായി ബന്ധപ്പെട്ട് വിവാദം. റംസാൻ വ്രതം പരിഗണിക്കാതെയാണ് ടൈംടേബിൾ നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതേ ചൊല്ലി അദ്ധ്യാപക സംഘടനയായ എച്ച് എസ് എസ് ടി എ രംഗത്ത് എത്തി. പതിവിന് വിപരീതമായി ഈ വർഷം ഉച്ചയ്ക്കാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതുൾപ്പെടെയാണ് ഇപ്പോൾ എതിർപ്പുളവാക്കിയിരിക്കുന്നത്.
മാർച്ചിലാണ് ഹയർസെക്കൻഡറി പരീക്ഷകൾ. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി 17 ദിവസമാണ് ഇക്കുറി പരീക്ഷ. ഇതിനിടെ മൂന്ന് ശനിയാഴ്ചകളും കടന്നുവരുന്നുണ്ട്. ഈ പരിശഷ്‌കാരങ്ങളും അദ്ധ്യാപകരുടെ എതിർപ്പിന് കാരണം ആയിട്ടുണ്ട്. ഇക്കുറി മാർച്ച് ആദ്യവാരം ആണ് റംസാൻ നോമ്പ് ആരംഭിക്കുന്നത്. ഇതിനിടെ പരീക്ഷ നീണ്ടു പോകുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇതിന് പുറമേ ഉച്ചയ്ക്ക് മൂന്ന് മണിക്കൂർ തുടർച്ചയായി പരീക്ഷ എഴുതുന്നതും പ്രയാസം ഉണ്ടാക്കും. അതിനാൽ പരീക്ഷയുടെ ടൈംടേബിൾ പുന: ക്രമീകരിക്കണം എന്നും അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു.
ഒരേ ദിവസം ഒട്ടേറെ വിഷയങ്ങളിൽ പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി പരീക്ഷ അശാസ്ത്രീയമാണെന്ന് എഎച്ച്എസ്ടിഎ പ്രസിഡന്റ് ആർ. അരുൺകുമാർ പറഞ്ഞു. തിങ്കൾ മുതൽ ശനിവരെ ആറ് ദിവസം തുടർച്ചയായി പരീക്ഷ നടത്തുന്നതും ബുദ്ധിമുട്ടാണ്. ഹയർസെക്കൻഡറി പരീക്ഷയ്‌ക്കൊപ്പം മറ്റ് വാർഷിക പരീക്ഷകളും ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും നടക്കുന്നുണ്ട്. അതിനാൽ ക്ലാസ് മുറികളുടെ പ്രയാസം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post