പത്തനംതിട്ട: റോഡ് സുരക്ഷാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എസ്‌ഐയെ തിരിച്ചയച്ച് പത്തനംതിട്ട ജില്ലാ കളക്ടർ. ജില്ലാ പോലീസ് മേധാവിയ്ക്ക് പകരമായിഎത്തിയതിനെ തുടർന്നായിരുന്നു ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ എസ്‌ഐയെ തിരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം.
ജില്ലാ തല റോഡ് സുരക്ഷാ അവലോകന യോഗത്തിലേക്ക് ആയിരുന്നു എസ്‌ഐ ശ്രീജിത്ത് എത്തിയത്. അസോസിയേഷൻ നേതാവ് കൂടിയാണ് അദ്ദേഹം. എന്നാൽ എസ്പി വി.ജി വിനോദ് തന്നെ പങ്കെടുക്കണമെന്ന് പറഞ്ഞ് കളക്ടർ അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. ഫണ്ട് വിനിയോഗം ഉൾപ്പെടെ ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിന് വേണ്ടിയായിരുന്നു യോഗം. അതിനാൽ എസ്പി തന്നെ നേരിട്ട് എത്തണമെന്ന നിലപാട് ആയിരുന്നു കളക്ടർ സ്വീകരിച്ചത്. അതേസമയം തിരക്ക് കൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്നാണ് എസ്പി വ്യക്തമാക്കുന്നത്. എസ്‌ഐയെ തിരിച്ചയച്ചതോടെ ഡിവൈഎസ്പിയാണ് യോഗത്തിൽ പങ്കുചേർന്നത്.
ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗം ഉൾപ്പെടെ ചർച്ച ചെയ്യേണ്ട നിർണായക യോഗം ആയിരുന്നു സംഘടിപ്പിച്ചത് എന്നാണ് കളക്ടർ പറയുന്നത്. ഇതിന് പുറമേ മണ്ഡലകാലം ആയതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്. ഗൗരവമുള്ള ഈ ചർച്ചകൾ ആയതിനാൽ എസ്‌ഐ പങ്കെടുത്തിട്ട് കാര്യമില്ല. അതിനാലാണ് തിരിച്ചയച്ചത് എന്നും അദ്ദേഹം പറയുന്നു.
Discussion about this post