ജെറുസലേം: ഹിസ്ബുള്ളയുടെ മറ്റൊരു നേതാവിനെ കൂടി വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രായേൽ. ഹിസ്ബുള്ളയുടെ നസീർ ബ്രിഗേഡ് യൂണിറ്റ് തലവൻ ജാഫർ ഖാദർ ഫേവർ ആണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഉണ്ടായ നിരവധി ഭീകരാക്രമണങ്ങളിൽ സുപ്രധാന പങ്കുവഹിച്ച നേതാവിനെയാണ് ഹിസ്ബുള്ളയ്ക്ക് നഷ്ടമായിരിക്കുന്നത്. അതേസമയം സംഭവത്തിൽ ഭീകര സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ആണ് ജാഫറിനെ ഇസ്രായേൽ വധിച്ചത് എന്നാണ് സൂചന. തെക്കൻ ലെബനനിലെ ജൗവയ്യയാണ് ജാഫറിന്റെ കേന്ദ്രം. കഴിഞ്ഞ ദിവസം ഇവിടെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഫർ കൊല്ലപ്പെട്ടതായുള്ള വിവരം ഇസ്രായേൽ പ്രതിരോധ വിഭാഗം പുറത്തുവിട്ടത്.
ഗോലൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിശക്തമായ ഭീകരാക്രമണം നടത്തിയതിൽ പങ്കുള്ള ഭീകര നേതാവാണ് ജാഫർ എന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മജ്ദൽ ഷാമ്സിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 12 കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് മരിച്ച് വീണത്. മേട്ടുലയിൽ 5 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്.
ഒക്ടോബർ എട്ടിന് സൈനികരെ ലക്ഷ്യമിട്ട് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നിലും ജാഫറാണ്. ഭീകര നേതാവിന്റെ നിർദ്ദേശ പ്രകാരം ആയിരുന്നു റോക്കറ്റുകൾ ഇസ്രായേലിൽ എത്തിയത്. ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ഈ ആക്രമണത്തിൽ 19 പേർക്കാണ് പരിക്കേറ്റത്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post